India

ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി; എന്‍ഡിഎ മുന്നില്‍

മഹാസഖ്യത്തിന്റെ ലീഡ് നില 107 ആയി താഴുകയാണ്. മഹാസഖ്യത്തിലെ ആര്‍ജെഡി 67 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലും സിപിഐ- എംഎല്‍ 13 സീറ്റിലും സിപിഎം, സിപിഐ പാര്‍ട്ടികള്‍ മൂന്ന് വീതം സീറ്റുകളിലും ലീഡ് ചെയ്യുന്നതായാണ് കണക്കുകള്‍.

ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി; എന്‍ഡിഎ മുന്നില്‍
X

പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ മഹാസഖ്യം കനത്ത തിരിച്ചടി നേരിടുന്നു. എക്സിറ്റ്പോള്‍ ഫലങ്ങളെ പിന്തള്ളി കേവല ഭൂരിപക്ഷവും കടന്ന് എന്‍ഡിഎയാണ് മുന്നിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ലീഡ് നില പ്രകാരം എന്‍ഡിഎ സഖ്യം 126 സീറ്റുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎയില്‍ ബിജെപിയാണ് മുന്നേറ്റം നടത്തിയത്. ബിജെപി 74 സീറ്റിലും ജെഡിയു 47 സീറ്റിലും വിഐപി നാല് സീറ്റിലും ലീഡ് ചെയ്യുന്നു. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്എഎം) ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തില്‍ പിന്നോട്ടുപോയി. മഹാസഖ്യത്തിന്റെ ലീഡ് നില 107 ആയി താഴുകയാണ്. മഹാസഖ്യത്തിലെ ആര്‍ജെഡി 67 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലും സിപിഐ- എംഎല്‍ 13 സീറ്റിലും സിപിഎം, സിപിഐ പാര്‍ട്ടികള്‍ മൂന്ന് വീതം സീറ്റുകളിലും ലീഡ് ചെയ്യുന്നതായാണ് കണക്കുകള്‍. ഇടതുപക്ഷം നില മെച്ചപ്പെടുത്തുകയുണ്ടായി. എന്നാല്‍, 20-25 ശതമാനം വോട്ടുകള്‍ മാത്രമേ എണ്ണിയിട്ടുള്ളുവെന്നാണ് റിപോര്‍ട്ട്. ഗ്രാമീണമേഖലയില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ്.

ലീഡ് നിലയില്‍ ഇനിയും മാറ്റമുണ്ടാകുമെന്നാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മല്‍സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി രണ്ടിടങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. എഐഎംഐഎം മൂന്നുസീറ്റിലും ബിഎസ്പി രണ്ടിലും സ്വതന്ത്രര്‍ നാല് സീറ്റിലും മുന്നേറുന്നു. കൊവിഡ് സുരക്ഷാനടപടികള്‍ കാരണമാണ് വോട്ടെണ്ണല്‍ മന്ദഗതിയിലായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദപ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it