India

ബംഗളൂരു കലാപം: കന്നട ചാനലുകളും പ്രസിദ്ധീകരണങ്ങളും മുസ്‌ലിം വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടു

കലാപം ആളിക്കത്തിക്കുന്നതിന് മാധ്യമങ്ങള്‍ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുകയും മുസ്‌ലിം ആധിപത്യമുള്ള പ്രദേശങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും പ്രകോപനപരമായ പ്രസ്താവനകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.

ബംഗളൂരു കലാപം: കന്നട ചാനലുകളും പ്രസിദ്ധീകരണങ്ങളും മുസ്‌ലിം വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടു
X

നടപടിയാവശ്യപ്പെട്ട് വിദ്വേഷപ്രസംഗവിരുദ്ധ സംഘം കര്‍ണാടക ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി

ബംഗളൂരു: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിധത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ കലാപത്തിന്റെ മറവില്‍ കര്‍ണാടകയിലെ ഒരുവിഭാഗം മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും മുസ്‌ലിം വിരുദ്ധ പ്രചാരണം വ്യാപകമായി അഴിച്ചുവിട്ടതായി റിപോര്‍ട്ട്. ഇതിന്റെ തെളിവുകള്‍ സഹിതം വിദ്വേഷപ്രസംഗവിരുദ്ധ സംഘം (കാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ഹേറ്റ് സ്പീച്ച്) കര്‍ണാടക ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി.


ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍, രക്ഷിതാക്കള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്ന കൂട്ടായ്മയാണ് കാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ഹേറ്റ് സ്പീച്ച്. വിദ്വേഷപ്രചാരണം നടത്തിയ ഒരുവിഭാഗം മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്ത ഇത്തരം വിദ്വേഷം ജനിപ്പിക്കുന്ന റിപോര്‍ട്ടുകള്‍ ബംഗളൂരുവില്‍ കലാപമുണ്ടാവാനും അക്രമത്തിന് പ്രേരിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്. ബംഗളൂരുവിലെ യഥാര്‍ഥ വസ്തുതകള്‍ മാധ്യമങ്ങള്‍ മറച്ചുവച്ചത് നിരുത്തരവാദപരമാണ്.


അക്രമം നടത്തുന്നതിന്റെയും വാഹനങ്ങള്‍ കത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍, പോലിസിന്റെ പ്രതികാരത്തിന് തീവ്രമായ പശ്ചാത്തല സംഗീതം എന്നിവ പ്രക്ഷേപണം ചെയ്ത് പ്രശ്‌നത്തെ കന്നട മാധ്യമങ്ങള്‍ വൈകാരികതയിലെത്തിച്ചു. 'ബംഗളൂരു കത്തിച്ചു' എന്ന തലക്കെട്ടിലാണ് മാധ്യമങ്ങള്‍ കലാപവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചത്. അവരെ (മുസ്‌ലിം സമുദായത്തെ) അറസ്റ്റുചെയ്ത് സ്വന്തം ഭാഷയില്‍ ഒരു പാഠം പഠിപ്പിക്കണമെന്നതായിരുന്നു മാധ്യമങ്ങളുടെ ആവശ്യവും ആക്രോശവും. ടിവി 9, സുവര്‍ണ ന്യൂസ് തുടങ്ങിയ ചാനലുകളുടെ റിപോര്‍ട്ടുകളും സ്‌ക്രീന്‍ ഷോട്ടുകളും ഇതിന് ഉദാഹരണങ്ങളാണ്.

ചാനലുകളിലെ അവതാരകര്‍ വ്യക്തമായ മുസ്ലിം വിരുദ്ധ പക്ഷപാതിത്വത്തിലൂടെയാണ് പരിപാടികള്‍ അവതരിപ്പിച്ചത്. ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച വിദ്വേഷപ്രചാരണംതന്നെ ഇതിന്റെ മറ്റ് ഉദാഹരണങ്ങളാണ്. കലാപം ആളിക്കത്തിക്കുന്നതിന് മാധ്യമങ്ങള്‍ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുകയും മുസ്‌ലിം ആധിപത്യമുള്ള പ്രദേശങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും പ്രകോപനപരമായ പ്രസ്താവനകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.


വര്‍ഗീയപരമായി വാര്‍ത്തകള്‍ കവര്‍ ചെയ്ത മാധ്യമങ്ങള്‍ റൂള്‍ 6 പ്രോഗ്രാം ആന്റ് അഡ്വര്‍ട്ടൈസിങ് കോഡ് ആന്റ് സെക്ഷന്‍ 295 എ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 298, 505 (2) എന്നിവയുടെ ലംഘനമാണ് നടത്തിയത്. അതുകൊണ്ട് ടിവി 9, സുവര്‍ണ ചാനല്‍, ഹൊസ ദിഗന്ത പത്രം എന്നിവര്‍ക്കെതിരേ ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ് നല്‍കണം. സെക്ഷന്‍ 153 എ, 153 ബി, 295 എ, 295 ബി, 298,505 (2) വകുപ്പുകള്‍ പ്രകാരം വിദ്വേഷം പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ കമ്മീഷന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നും അവരുടെ അറസ്റ്റ് ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സാമുദായിക ഐക്യം ഉറപ്പുവരുത്തല്‍, ന്യൂനപക്ഷ ക്ഷേമം, ന്യൂനപക്ഷങ്ങളുടെ ആവലാതികള്‍ പരിഹരിക്കല്‍ തുടങ്ങിയ തങ്ങളില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റാന്‍ കമ്മീഷന്‍ തയ്യാറാവണമെന്നും കാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ഹേറ്റ് സ്പീച്ച് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കന്നട മാധ്യമങ്ങള്‍ പ്രക്ഷേപം ചെയ്ത വിദ്വേഷജനകമായ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it