India

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍; ആര്‍മി ഓഫിസര്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍; ആര്‍മി ഓഫിസര്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ആര്‍മി ഓഫിസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാജ്യത്തേക്കുള്ള സായുധരുടെ നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സൂറന്‍കോട് മേഖലയില്‍ നാല് മുതല്‍ അഞ്ച് വരെ ആയുധധാരികളായ സായുധരാണ് നുഴഞ്ഞുകയറിയത്. ഇതെത്തുടര്‍ന്ന് സുരക്ഷാസേനയും സായുധരുമായി കനത്ത വെടിവയ്പ്പ് തുടരുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അവരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ ദേര കി ഗാലിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ സുരക്ഷാസേന തിരിച്ചടികള്‍ ആരംഭിച്ചു.

അനന്ത്‌നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് സായുധരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ആക്രമണപരമ്പരകള്‍ക്ക് പിന്നാലെ സായുധരോട് അനുഭാവമുള്ള 700 പേരെ തടവിലാക്കിയെന്ന് പോലിസ് അറിയിച്ചു. കശ്മീര്‍ താഴ്‌വരയിലെ ആക്രമണ ശൃംഖല തകര്‍ക്കാനാണ് ഇവരെ തടവിലാക്കിയതെന്നാണ് പോലിസ് പറയുന്നത്.

തുടര്‍ച്ചയായ സായുധാക്രമണങ്ങളില്‍ ഏഴ് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷാ സേന സായുധര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയത്. പൂഞ്ചില്‍ രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പീര്‍പഞ്ചാള്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. വനമേഖല വഴി സായുധര്‍ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. അതിനിടെ ഒളിച്ചിരുന്ന സായുധര്‍ തിരച്ചില്‍ സംഘത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ അടക്കം അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖല പൂര്‍ണമായി സൈന്യം വളഞ്ഞു. ചമ്രര്‍ വനമേഖലയില്‍ ഏതാനും ദിവസം മുമ്പ് നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറിയതിന് ശേഷം സായുധരുടെ ഒരു സംഘമുണ്ടായിരുന്നതായി റിപോര്‍ട്ടുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സായുധര്‍ രക്ഷപ്പെടാതിരിക്കാന്‍ പ്രദേശത്ത് സൈന്യം ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it