India

സ്ത്രീകള്‍ക്കെതിരെ അനുചിതമായ ഏതൊരു പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈക്കോടതി; ഉദ്ദേശ്യം പരിഗണിക്കേണ്ട

സ്ത്രീകള്‍ക്കെതിരെ അനുചിതമായ ഏതൊരു പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈക്കോടതി; ഉദ്ദേശ്യം പരിഗണിക്കേണ്ട
X

ചെന്നൈ: സ്ത്രീകള്‍ക്കെതിരെ അനുചിതമായ ഏതൊരു പെരുമാറ്റവും ലൈംഗികാതിക്രമമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമായി കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമത്തില്‍ (ജീടഒ) ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍വചനം നല്‍കിയിട്ടുണ്ട്.

അത്തരം പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റകൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, വിചാരണയില്‍ ഉദ്ദേശ്യവും തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്ന് ജസ്റ്റിസ് ആര്‍ എന്‍ മഞ്ജുള ഉത്തരവില്‍ പറഞ്ഞു. ജോലി സ്ഥലത്തെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ ലേബര്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സര്‍വീസ് ഡെലിവറി മാനേജരായിരുന്ന പാര്‍ത്ഥസാരഥിക്കെതിരെ മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതികളില്‍ കമ്പനിയുടെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി) ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ഈ ശുപാര്‍ശകള്‍ അസാധുവാക്കിയ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

അനിഷ്ടകരമായ തരത്തില്‍ ശാരീരിക സ്പര്‍ശനത്തിന് ശ്രമിച്ചെന്നായിരുന്നു ഡെലിവറി മാനേജര്‍ക്കെതിരെ ഒരു ജീവനക്കാരി പരാതി നല്‍കിയത്. ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചെന്ന് മറ്റൊരു ജീവനക്കാരിയും, തന്റെ ആര്‍ത്തവചക്രത്തെക്കുറിച്ച് ആരാഞ്ഞെന്ന് മറ്റൊരു ജീവനക്കാരിയും പരാതിപ്പെട്ടു. എന്നാല്‍ ജോലിയുടെ ഭാഗമായാണ് തന്റെ പ്രവൃത്തികളെന്നായിരുന്നു പാര്‍ത്ഥസാരഥി വാദിച്ചത്.

പരാതി അന്വേഷിച്ച ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി), പാര്‍ത്ഥസാരഥിയുടെ ശമ്പള വര്‍ദ്ധനവും അനുബന്ധ ആനുകൂല്യങ്ങളും രണ്ട് വര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കാനും അദ്ദേഹത്തെ നോണ്‍-സൂപ്പര്‍വൈസറി റോളില്‍ നിയമിക്കാനും ശുപാര്‍ശ ചെയ്തു. ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി ഈ ശുപാര്‍ശകള്‍ അസാധുവാക്കി. എന്നാല്‍ ഈ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി, ഐസിസി തീരുമാനം നീതിയുക്തമാണെന്ന് അഭിപ്രായപ്പെട്ടു.




Next Story

RELATED STORIES

Share it