India

ആന്ധ്രയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു

വൈദ്യുതി ബന്ധം തകരാറിലായതിന് പുറമെ 200 മീറ്റര്‍ ട്രാക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാമരാജു മാധ്യമങ്ങളോട് പറഞ്ഞു. വൈകാതെ തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.

ആന്ധ്രയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
X

അമരാവതി: ആന്ധ്രാപ്രദേശില്‍ ടാങ്കറില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുമയി പോവുകയായിരുന്ന ചരക്ക് ട്രെയിന്‍ പാളംതെറ്റി. അപകടത്തെത്തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു. അഗ്‌നിശമനസേനയെത്തി ഉടന്‍തന്നെ തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ദുരന്തമൊഴിവായി. വ്യാഴാഴ്ച പുലര്‍ച്ചെ ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. സംഭവത്തെത്തുടര്‍ന്നു ഇതുവഴിയുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സുരാറെഡിപ്പലേമിനും തങ്കുതുരു സ്റ്റേഷനുകള്‍ക്കുമിടയിലാണ് അപകടം നടന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ജനവാസമേഖലയല്ലാത്ത സ്ഥലത്ത് അപകടമുണ്ടായതിനാല്‍ ആളപായമുണ്ടായിട്ടില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോലിസ് അറിയിച്ചു. ആകെയുള്ള 58 ബോഗികളില്‍ മൂന്നെണ്ണമാണ് പാളം തെറ്റിയത്. കൃഷ്ണ ജില്ലയിലെ ഗംഗിനേനിയില്‍നിന്ന് കടപ്പയിലേക്ക് ഓയില്‍ കൊണ്ടുപോവുകയായിരുന്നു. അപകടവിവരമറിഞ്ഞ് ബിത്രഗുണ്ട, വിജയവാഡ ഡിവിഷനുകളിലെ റെയില്‍വേ ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ കൈക്കൊണ്ടു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.

വൈദ്യുതി ബന്ധം തകരാറിലായതിന് പുറമെ 200 മീറ്റര്‍ ട്രാക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാമരാജു മാധ്യമങ്ങളോട് പറഞ്ഞു. വൈകാതെ തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. അപകടത്തിന്റെ കൃത്യമായ കാരണങ്ങളും നാശനഷ്ടവും സംബന്ധിച്ച് പരിശോധന നടത്തും. പ്രാഥമിക കണക്കുപ്രകാരം 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it