അനധികൃത സ്വത്തുസമ്പാദനക്കേസ്: മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ഭൂമി കണ്ടുകെട്ടി

നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.

അനധികൃത സ്വത്തുസമ്പാദനക്കേസ്: മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ഭൂമി കണ്ടുകെട്ടി

ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരേ കുറച്ചുവര്‍ഷങ്ങളായി ആദായനികുതി വകുപ്പ് അന്വേഷണം നടത്തിവരികയായിരുന്നു.

ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഡല്‍ഹി കേന്ദ്രമായി ബിസിനസ് നടത്തുന്ന എസ് കെ ജെയ്‌നെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജെയ്‌നെ പിന്നീട് അറസ്റ്റും ചെയ്തു. ആനന്ദ്കുമാറിന് അനധികൃതമായി ബിനാമി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജെയ്ന്‍ സഹായം നല്‍കിയതായി സിബിഐയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇരുവരും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുള്ളതായാണ് ആദായനികുതി വകുപ്പിന് വ്യക്തമായിട്ടുള്ളത്. ആനന്ദകുമാറിന്റെയും ഭാര്യയുടെയും ഉടമസ്ഥതയില്‍ 12 ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അടുത്തിടെയാണ് ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചത്. ആനന്ദ് കുമാറിന്റെ മകന്‍ ആകാശ് ആനന്ദ് ബിഎസ്പിയുടെ ദേശീയ കോ- ഓഡിനേറ്ററാണ്.

RELATED STORIES

Share it
Top