India

അമിത് ഷാ ഇന്ന് അസമില്‍; ലക്ഷ്യം ദേശീയ പൗരത്വ രജിസ്റ്ററിന്റെ തുടര്‍ നടപടികള്‍

എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ തുടര്‍ നടപടികള്‍ തന്നെയാവും പ്രധാന ചര്‍ച്ചാ വിഷയമാവുക എന്നാണ് അറിയുന്നത്.

അമിത് ഷാ ഇന്ന് അസമില്‍; ലക്ഷ്യം ദേശീയ പൗരത്വ രജിസ്റ്ററിന്റെ തുടര്‍ നടപടികള്‍
X

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസമിലെത്തും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തുവന്ന ശേഷം ആദ്യമായാണ് അദ്ദേഹം അസമിലെത്തുന്നത്. എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ തുടര്‍ നടപടികള്‍ തന്നെയാവും പ്രധാന ചര്‍ച്ചാ വിഷയമാവുക എന്നാണ് അറിയുന്നത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരില്‍ കണ്ട് ക്രമസമാധാന നില വിലയിരുത്തും.

ആഗസ്ത് 31നാണ് എന്‍ആര്‍സി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 19 ലക്ഷത്തിലധികം ആളുകളാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടത്. പട്ടിക പുറത്തുവിടുന്നത് മുന്‍നിര്‍ത്തി അസമില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിന്നു.

2013ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നാരോപിച്ചായിരുന്നു ഈ നീക്കം.

2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിനിടെ നിരവധി പേര്‍ രേഖകള്‍ സമര്‍പ്പിച്ച് പട്ടികയില്‍ ഇടംപിടിച്ചു.

അന്തിമ പട്ടികയില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. എന്നാല്‍, ബിജെപിയുടെ പ്രതീക്ഷയില്‍ നിന്ന് വിഭിന്നമായി ലക്ഷക്കണക്കിന് ഹിന്ദുക്കളും പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഇതുമൂലം ബിജെപി അനുകൂലികളില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് തണുപ്പിക്കു കൂടിയാവും അമിത് ഷായുടെ സന്ദര്‍ശന ലക്ഷ്യമെന്നാണു സൂചന.

Next Story

RELATED STORIES

Share it