India

പനിയും ചുമയും തൊണ്ടവേദനയുമുള്ളവര്‍ ആന്റിജന്‍ പരിശോധന നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

പനിയും ചുമയും തൊണ്ടവേദനയുമുള്ളവര്‍ ആന്റിജന്‍ പരിശോധന നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോല്‍സാഹിപ്പിക്കണണെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.

ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, രുചിയോ മണമോ നഷ്ടപ്പെടുക, ക്ഷീണം, വയറിളക്കം, പനി എന്നിവ ഉള്ളവര്‍ക്ക് മറ്റ് രോഗകാരണം ഇല്ലെങ്കില്‍ കൊവിഡ് സംശയമുള്ള കേസായി കണക്കാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവരെയെല്ലാം നിര്‍ബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏകദേശം 58 മണിക്കൂര്‍ ആവശ്യമുള്ളതിനാല്‍ ആന്റിജന്‍ പരിശോധന നടത്തണം. രോഗലക്ഷണമുള്ള വൃക്തികള്‍ക്ക് സ്വയം പരിശോധന പ്രോല്‍സാഹിപ്പിക്കണമെന്നും കേന്ദ്രം അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.

കൊവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും അവര്‍ക്ക് സമ്പര്‍ക്കമുള്ളവരെയും കൃത്യമായി ക്വാറന്റൈന്‍ ചെയ്യുന്നത് മാത്രമാണ് വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം. മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം ഒരു പരിധിയെക്കാളും ഉയരുമ്പോള്‍ ആര്‍ടിപിസിആര്‍ വഴി രോഗനിര്‍ണയം നടത്തുന്നത് വലിയ കാലതാമസം സൃഷ്ടിക്കുന്നു. അതിനാല്‍, വേഗത്തിലുള്ള പരിശോധനകളെ പ്രോല്‍സാഹിപ്പിക്കണം. കൂടുതല്‍ ടെസ്റ്റിങ് ബൂത്തുകള്‍ സജ്ജമാക്കണം. രോഗലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തിയ ശേഷം ഫലം വരുന്നത് വരെ കൃത്യമായി ക്വാറന്റൈന്‍ ചെയ്യണമെന്ന് കേന്ദ്രം കത്തില്‍ ചൂണ്ടിക്കാട്ടി.

ഒമിക്രോണ്‍ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് 1,270 ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിധിന കൊവിഡ് കേസുകളുടെ എണ്ണം 16,764 ഉം ആയി ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ ഈ വര്‍ധനവ് രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചുവെന്ന സംശയം ബലപ്പെടുത്തുന്നു. റിപോര്‍ട്ട് ചെയ്യപ്പെടുന്ന കൂടുതല്‍ കേസുകളും ഒമിക്രോണ്‍ ആണ്. ഇപ്പോഴത്തെ ഈ വര്‍ധനവ് ആഗോള തലത്തിലെ കുതിച്ചുചാട്ടത്തിന്റെ തുടര്‍ച്ചയാണെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

Next Story

RELATED STORIES

Share it