India

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
X

അഹമ്മദാബാദ്: വിമാന ദുരന്തത്തിന് പിന്നാലെ 112 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 274 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൈലറ്റുമാര്‍ അസുഖ അവധിയില്‍ പ്രവേശിച്ചത്. 61 കമാന്‍ഡര്‍മാരും 51 ഫ്ളൈറ്റ് ഓഫീസര്‍മാരുമാണ് അവധിയില്‍ പ്രവേശിച്ചതെന്ന് റാം മോഹന്‍ നായിഡു വ്യക്തമാക്കി.

പാര്‍ലമെന്റിലാണ് വ്യാഴാഴ്ച മന്ത്രി ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദിലേത് പോലുള്ള വിമാന ദുരന്തങ്ങള്‍ പൈലറ്റുമാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പൈലറ്റുമാര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമായവ ചെയ്യാന്‍ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കിയതായും റാം മോഹന്‍ നായിഡു കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.



Next Story

RELATED STORIES

Share it