India

അഫ്ഗാനിസ്താനില്‍നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

അഫ്ഗാനിസ്താനില്‍നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി
X

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഫ്ഗാനിസ്താനില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്ത്യയില്‍ തിരിച്ചെത്തി. 129 യാത്രക്കാരുമായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ-244 വിമാനമാണ് രാത്രി എട്ടോടെ ഡല്‍ഹിയിലെത്തിയത്. ഇന്ന് രാവിലെയാണ് 40 പേരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളിലേക്ക് പുറപ്പെട്ടത്. എന്നാല്‍, രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനത്തിന് കാബൂളില്‍ ഇറങ്ങാന്‍ സാധിച്ചത്. ലാന്‍ഡിങ് ക്ലിയറന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ ഇറങ്ങാന്‍ വൈകിയതെന്നാണ് റിപോര്‍ട്ടുകള്‍.

താലിബാന്‍ സേന കാബൂളില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനിടയില്‍ കാബൂള്‍ വിമാനത്താവള അധികൃതര്‍ക്കും എയര്‍ ഇന്ത്യ വിമാനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനായില്ല. കൃത്യസമയത്തുതന്നെ വിമാനം അഫ്ഗാന്റെ ആകാശം തൊട്ടെങ്കിലും ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. ഒരുമണിക്കൂറോളം വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു. ഉച്ചയ്ക്കുശേഷമാണ് വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ക്ലിയറന്‍സ് ലഭിച്ചത്. കാബൂളില്‍നിന്ന് വൈകുന്നേരം 6.06ന് വിമാനം പറന്നുയര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ സ്വന്തം പൗരന്‍മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനാണ് ഇന്ത്യ വിമാനം അയച്ചത്. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് കാബൂളിലേക്ക് ഇന്ത്യയില്‍നിന്നും സര്‍വീസ് നടത്തുന്നത്. അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിന് പൂര്‍ണസഹകരണമുണ്ടാവുമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സംഘടന അറിയിച്ചു. അഫ്ഗാനിസ്താന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എഎന്‍ഐയോട് പറഞ്ഞത്. 'ഇന്ത്യ സുരക്ഷാ സാഹചര്യങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകകയാണ്. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളും പരിശോധിക്കുന്നു. എന്നാല്‍, വ്യോമാതിര്‍ത്തി ഒഴിവാക്കുകയെന്ന നിര്‍ദേശമില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it