India

എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വീണ്ടും എടപ്പാടി പളനിസ്വാമി

തിരഞ്ഞെടുപ്പ് സഖ്യം, സീറ്റ് പങ്കിടല്‍, സ്ഥാനാര്‍ഥി നിര്‍ണയം, തിരഞ്ഞെടുപ്പ് തന്ത്രം മെനയല്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനും പളനിസ്വാമിയെയും പനീര്‍സെല്‍വത്തെയും ജനറല്‍ കൗണ്‍സില്‍ യോഗം അധികാരപ്പെടുത്തി.

എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വീണ്ടും എടപ്പാടി പളനിസ്വാമി
X

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി കെ പളനിസ്വാമിയെ തന്നെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. ഒ പനീര്‍സെല്‍വത്തെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് സഖ്യം, സീറ്റ് പങ്കിടല്‍, സ്ഥാനാര്‍ഥി നിര്‍ണയം, തിരഞ്ഞെടുപ്പ് തന്ത്രം മെനയല്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനും പളനിസ്വാമിയെയും പനീര്‍സെല്‍വത്തെയും ജനറല്‍ കൗണ്‍സില്‍ യോഗം അധികാരപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കി മല്‍സരിക്കാനാണ് സാധ്യത. സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തമിഴ്‌നാട് സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യം തുടരുന്നത് സംബന്ധിച്ച് മൗനം പാലിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ അധികാരം പങ്കിടുന്നത് സംബന്ധിച്ച് ബിജെപിയും സ്ഥിരീകരണം നല്‍കിയിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ്‌നിശ്ചിതത്വം തുടരുകയാണ്. തങ്ങളുടെ പാര്‍ട്ടി വീണ്ടുമൊരു കൂട്ടുകെട്ടിന് മുതിരില്ലെന്ന് എഐഎഡിഎംകെ എംപിയും മുതിര്‍ന്ന നേതാവുമായ മുനുസാമി വ്യക്തമാക്കിയിരുന്നു. ദേശീയ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ഒരു പ്രശ്‌നമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഏപ്രില്‍, മെയ് മാസങ്ങളിലായി തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it