India

നടിയെ ആക്രമിച്ച കേസ്: വിചാരണ സുപ്രിംകോടതി സ്‌റ്റേ ചെയ്തു

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.

നടിയെ ആക്രമിച്ച കേസ്: വിചാരണ സുപ്രിംകോടതി സ്‌റ്റേ ചെയ്തു
X

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. കേസിലെ പ്രധാന തെളിവായ ആക്രമണദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഹരജി വേനലവധിക്കുശേഷം ജൂലൈ മൂന്നാം വാരം സുപ്രിംകോടതി വീണ്ടും പരിഗണിക്കും. മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം കോടതിയെ ബോധിപ്പിച്ചിരുന്നില്ല. വിഷയത്തില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു. പക്ഷെ, ഇന്നും ഇക്കാര്യത്തില്‍ ഒരു വ്യക്തമായ നിലപാട് സുപ്രിംകോടതിയെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസ് ജൂലൈ മാസത്തിലേക്ക് മാറ്റിവയ്ക്കുന്നതായി കോടതി അറിയിച്ചത്. ജൂലൈ മാസം കേസില്‍ വീണ്ടും വാദം കേള്‍ക്കുമ്പോള്‍ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജികള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. തനിക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കി പോലിസ് കേസെടുക്കുകയായിരുന്നുവെന്നും പോലിസിന്റെ കൈവശമുള്ള ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നുമാണ് ദിലിപിന്റെ വാദം. എന്നാല്‍, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ ഇരയുടെ സ്വകാര്യത നഷ്ടമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹരജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്.

Next Story

RELATED STORIES

Share it