India

ടൂള്‍ കിറ്റ് കേസ്: ദിഷ രവി മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ടൂള്‍ കിറ്റ് കേസ്: ദിഷ രവി മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
X

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗളൂരുവില്‍നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ കോടതി മൂന്നുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാലഹൗസ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ദിഷയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നുമുള്ള ഡല്‍ഹി പോലിസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ദിഷ രവി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ദിഷയെ മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ വിടണമെന്നുമായിരുന്നു പോലിസിന്റെ ആവശ്യം. നേരത്തെ അഞ്ചുദിവസത്തെ കസ്റ്റഡിയിലായിരുന്നു ദിഷ. അന്വേഷണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരവധി പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ശാന്തനുവിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ നിഖിതയ്ക്കും ശാന്താനുവിനുമെതിരേ ദിഷ രവി മൊഴിനല്‍കിയിട്ടുണ്ടെന്നും ഡല്‍ഹി പോലിസ് കോടതിയെ അറിയിച്ചു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബ ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ കിറ്റ് രൂപകല്‍പന ചെയ്തുവെന്നാരോപിച്ചാണ് 22കാരിയായ ദിഷയെ അറസ്റ്റുചെയ്യുന്നത്. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഖാലിസ്ഥാന്‍ സംഘടനയുമായി ബന്ധപ്പെട്ട വിവാദ ടൂള്‍ കിറ്റ് രൂപീകരണത്തിന് പിന്നില്‍ ദിഷയുമുണ്ടെന്നാണ് പോലിസ് വാദം.

താന്‍ ഒരു ടൂള്‍ കിറ്റുമുണ്ടാക്കിയിട്ടില്ലെന്നും കര്‍ഷകസമരത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ദിഷ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ബംഗളൂരുവില്‍നിന്നും ദിഷയെ പോലിസ് അറസ്റ്റുചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഭരണകൂട ഭീകരതയുടെ തെളിവാണെന്നും വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം പോലിസ് നിഷേധിക്കുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരേ ഗ്രേറ്റ ത്യൂന്‍ബ രൂപീകരിച്ച ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാംപയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവര്‍ത്തകരിലൊരാളാണ് ദിഷ.

Next Story

RELATED STORIES

Share it