India

ബിഹാര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി; ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരേ അഴിമതി കേസില്‍ കുറ്റം ചുമത്താന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു

ബിഹാര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി; ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരേ അഴിമതി കേസില്‍ കുറ്റം ചുമത്താന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു
X

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി. ഐആര്‍സിടി അഴിമതി കേസില്‍ ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവ്, മകനും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്, മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ലാലുപ്രസാദ് അടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു എന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്ഥാനം ദുരുപയോഗം ചെയ്തു എന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം തങ്ങള്‍ കുറ്റക്കാരല്ലെന്നും വിചാരണ നേരിടുമെന്നും ലാലുവിന്റെ കുടുംബം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കോടതിവിധി എന്‍ഡിഎയ്ക്ക് ലഭിച്ച വലിയ ആയുധമാണ്.ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയാണ് ലാലു യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും കുറ്റം ചുമത്തിയത്.

2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാറുകള്‍ നല്‍കിയതിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. ബിഎന്‍ആര്‍ റാഞ്ചി, ബിഎന്‍ആര്‍ പുരി എന്നീ രണ്ട് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാറുമായി ബന്ധപ്പെട്ടാണ് ആരോപണം. ഈ ഇടപാടിന് പകരമായി, ഒരു ബിനാമി കമ്പനി വഴി ലാലു യാദവിന് മൂന്ന് കോടിരൂപ വിലമതിക്കുന്ന ഭൂമി ലഭിച്ചുവെന്ന് സിബിഐ ആരോപിക്കുന്നു.

2017ലാണ് സിബിഐ ലാലുവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എല്ലാ പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് സിബിഐ ഡല്‍ഹി കോടതിയോട് പറഞ്ഞിരുന്നു. കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവുകളില്ലെന്നും ടെന്‍ഡറുകള്‍ നീതിപൂര്‍വ്വമായാണ് നല്‍കിയതെന്നും ലാലുവിന്റെ അഭിഭാഷകന്‍ വാദിച്ചു.

വിലകുറച്ച് ഭൂമി വാങ്ങുന്നതിന് പകരമായി ലാലു യാദവ് മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തുകയും, പദവി ദുരുപയോഗം ചെയ്ത് ടെന്‍ഡറുകള്‍ നല്‍കുന്നതിലും അനുവദിക്കുന്നതിലുമുള്ള നടപടിക്രമങ്ങളെ സ്വാധീനിക്കുകയും ചെയ്തുവെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.







Next Story

RELATED STORIES

Share it