India

ഗുജറാത്തിലെ കോളജില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന

പ്രിന്‍സിപ്പലടക്കം നാലു വനിതകള്‍ ചേര്‍ന്നാണ് കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. ആര്‍ത്തവസമയത്ത് മറ്റു പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും ഇവിടെ വിലക്കുണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞു.

ഗുജറാത്തിലെ കോളജില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന
X

ഗാന്ധിനഗര്‍: ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ കോളജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന. ഗുജറാത്തിലെ ഭുജിലെ ശ്രീ സഹ്ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സംഭവം. ആര്‍ത്തവസമയത്ത് അടുക്കളയിലും ക്ഷേത്രത്തിലും വിദ്യാര്‍ഥിനികള്‍ കയറിയെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രാകൃതമായ പരിശോധന നടത്തിയത്. കോളജും ഹോസ്റ്റലും ഒരു ക്ഷേത്രത്തിനു സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. കോളജിലെ 68 വിദ്യാര്‍ഥിനികള്‍ താമസിക്കുന്നത് ഹോസ്റ്റലിലാണ്.

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവസമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോവുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റല്‍ റെക്ടര്‍ കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാള്‍ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ശുചിമുറിയില്‍ കൊണ്ടുപോയി ആര്‍ത്തവപരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.

ആര്‍ത്തവമുണ്ടോയെന്ന് അറിയാനായി വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരിശോധന. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റ് അധ്യാപകരും പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കോളജ് ഡീന്‍ ദര്‍ശന ദൊലാക്കിയ അറിയിച്ചു.

ഹോസ്റ്റലിനു പുറത്ത് സാനിറ്ററി നാപ്കിന്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ, ഹോസ്റ്റല്‍ വാര്‍ഡന്‍ ഈ വിവരം കോളജ് പ്രിന്‍സിപ്പലിനെ അറിയിച്ചു. പെണ്‍കുട്ടികളോട് കോളജിന്റെ കോമണ്‍ ഏരിയയിലേക്കെത്താന്‍ നിര്‍ദേശിച്ച ശേഷമായിരുന്നു പരിശോധന. കുട്ടികളെ ഓരോരുത്തരെയായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു ചെയ്തതെന്ന് അഹമ്മദാബാദ് മിറര്‍ റിപോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥിനികള്‍തന്നെയാണ് ഈ വിവരം അറിയിച്ചത്.പ്രിന്‍സിപ്പലടക്കം നാലു വനിതകള്‍ ചേര്‍ന്നാണ് കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. ആര്‍ത്തവസമയത്ത് മറ്റു പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും ഇവിടെ വിലക്കുണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞു.

ആരോപണം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാമജി കൃഷ്ണവര്‍മ കച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. ഹിന്ദു ആചാരങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന സ്ഥാപനമാണ് കോളജെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. സ്വാമിനാരായണ്‍ ദേവ്ഗഡി വിശ്വാസികളുടെ നേതൃത്വത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.

2012ലാണ് ഇവിടെ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആര്‍ത്തവപരിശോധനയ്‌ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ നിയമനടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ ആദ്യം ഹോസ്റ്റലില്‍നിന്ന് പുറത്തുപോവേണ്ടിവരുമെന്നായിരുന്നു ട്രസ്റ്റി പ്രവീണ്‍ പിന്‍ഡോറിയയുടെ പ്രതികരണമെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി അഹമ്മദാബാദ് മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. കോളജില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കത്തില്‍ ഒപ്പിടാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. പോലിസില്‍ പരാതി നല്‍കുന്നതില്‍നിന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു.

Next Story

RELATED STORIES

Share it