India

രാജ്യത്തെ തടവുകാരില്‍ 65.90 ശതമാനവും ദലിത്, ആദിവാസി, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍

രാജ്യത്ത് ആകെയുള്ള 4,78,600 ജയില്‍ തടവുകാരില്‍ 3,15,409 അല്ലെങ്കില്‍ 65.90 ശതമാനം പേര്‍ ദലിത്, ആദിവാസി, മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) 2019 ഡിസംബര്‍ 31 വരെ പരിഷ്‌കരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര സഹമന്ത്രി സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചത്.

രാജ്യത്തെ തടവുകാരില്‍ 65.90 ശതമാനവും ദലിത്, ആദിവാസി, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 65.90 ശതമാനവും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെന്ന് റിപോര്‍ട്ട്. പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി കിഷന്‍ റെഡ്ഡി അവതരിപ്പിച്ച ജയിലുകളിലെ സ്ഥിതിവിവരക്കണക്കുകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. രാജ്യത്ത് ആകെയുള്ള 4,78,600 ജയില്‍ തടവുകാരില്‍ 3,15,409 അല്ലെങ്കില്‍ 65.90 ശതമാനം പേര്‍ ദലിത്, ആദിവാസി, മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) 2019 ഡിസംബര്‍ 31 വരെ പരിഷ്‌കരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര സഹമന്ത്രി സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചത്.

രാജ്യത്തെ ജയിലുകളിലെ തടവുകാരില്‍ ഭൂരിപക്ഷവും ദലിതരും മുസ്‌ലിംകളുമാണോയെന്നും ഇവരുടെ കാറ്റഗറി തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്തണമെന്നും രാജ്യസഭാ അംഗം സയ്യിദ് നസീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസം നല്‍കാനും സര്‍ക്കാര്‍ എന്ത് ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം രാജ്യസഭയില്‍ ചോദ്യമുന്നയിച്ചു. ഇതിനുള്ള മറുപടിയെന്നോണമാണ് ജയിലുകളിലെ സ്ഥിതിവിവരക്കണക്കുകള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി സഭയില്‍ സമര്‍പ്പിച്ചത്. രാജ്യത്ത് ജയിലുകളിലായി ആകെ 4,78,600 തടവുകാരുണ്ട്. ഇതില്‍ 3,15,409 (65.90 ശതമാനം) പേര്‍ പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി വിഭാഗങ്ങളില്‍പ്പെട്ടവരാണ്.

1,26,393 പേര്‍ ഒബിസി (മറ്റ് വിഭാഗങ്ങളില്‍) ക്കാരാണ്. 1,62,800 തടവുകാര്‍ (34.01 ശതമാനം) ഒബിസി വിഭാഗത്തിലും 99,273 (20.74 ശതമാനം) പട്ടികജാതി വിഭാഗത്തിലും 53,336 (11.14 ശതമാനം) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രേഖാമൂലം സമര്‍പ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം 4,78,600 ജയില്‍ തടവുകാരില്‍ 4,58,687 (95.83 ശതമാനം) പേര്‍ പുരുഷന്‍മാരും 19,913 (4.16 ശതമാനം) പേര്‍ സ്ത്രീകളുമാണ്. ജയിലില്‍ കഴിയുന്ന 19,913 സ്ത്രീകളില്‍ 6,360 (31.93 ശതമാനം) പേര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണ്. 4,467 (22.43 ശതമാനം) പേര്‍ പട്ടികജാതി വിഭാഗത്തിലും 2,281 പേര്‍ (11.45 ശതമാനം) പട്ടികവര്‍ഗ വിഭാഗത്തിലും 5,236 (26.29 ശതമാനം) പേര്‍ മറ്റ് വിഭാഗങ്ങളിലും ഉള്‍പ്പെട്ടവരാണ്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കുകള്‍ വിശകലനം ചെയ്താല്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ളത് ഉത്തര്‍പ്രദേശിലാണ്- 1,01,297. അതായത് രാജ്യത്തെ മൊത്തം ജയില്‍ തടവുകാരില്‍ 21.16 ശതമാനം പേരും ഉത്തര്‍പ്രദേശിലാണ്. മധ്യപ്രദേശ് (44,603), ബിഹാര്‍ (39,814) എന്നിവിടങ്ങളിലെ കണക്കുകളും സമര്‍പ്പിച്ചിട്ടുണ്ട്. ഒബിസി, പട്ടികജാതി, 'മറ്റുള്ളവ' വിഭാഗങ്ങളില്‍നിന്നുള്ള പരമാവധി തടവുകാര്‍ ഉത്തര്‍പ്രദേശിലെ ജയിലുകളിലാണ്. അതേസമയം, ആദിവാസികള്‍ കൂടുതലായി ജയിലുകളില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത് മധ്യപ്രദേശിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പശ്ചിമബംഗാള്‍ 2018, 2019 വര്‍ഷങ്ങളില്‍ ജയിലുകളിലെ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിയിട്ടില്ല, അതിനാലാണ് 2017 ലെ കണക്കുകള്‍ ഡാറ്റയില്‍ ഉപയോഗിച്ചത്. അതേസമയം, മഹാരാഷ്ട്രയുടെ കാറ്റഗറി തിരിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തടവുകാരെ ബോധവത്കരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രം എന്തുശ്രമങ്ങളാണ് നടത്തിയതെന്ന് ഹുസൈന്‍ ചോദിച്ചു. ജയിലുകളുടെ ഭരണവും മാനേജ്‌മെന്റും അതില്‍ തടവിലാക്കപ്പെട്ട വ്യക്തികളുടെയും കാര്യങ്ങള്‍ നോക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

എങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2016 മെയ് മാസത്തില്‍ മാതൃകാ ജയില്‍ മാനുവല്‍ നല്‍കിയിട്ടുണ്ട്. ജയില്‍ തടവുകാരുടെ പുനരധിവാസവും വിദ്യാഭ്യാസവും സംബന്ധിച്ച പ്രത്യേക അധ്യായങ്ങളും ഇതിലുണ്ട്. തടവുകാരുടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, നൈപുണ്യവികസന പരിപാടികള്‍, തടവുകാരുടെ ക്ഷേമം, പരിചരണാനന്തര പുനരധിവാസം തുടങ്ങിയവ മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it