India

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

ഛത്തീസ്ഗഡിലെ നാരയാണ്‍പൂര്‍ ജില്ലയിലെ ക്യാംപില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ ബിജീഷടക്കം ആറുപേരാണ് മരിച്ചത്. വെടിവയ്പ്പില്‍ പരിക്കേറ്റ രണ്ടുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും
X

റായ്പൂര്‍: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് ക്യാംപിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലിസില്‍ കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍- സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ് ആണ് മരിച്ചത്. മറ്റൊരു മലയാളിയായ തിരുവനന്തപുരം സ്വദേശിയായ എസ് ബി ഉല്ലാസിനാണ് പരിക്കേറ്റത്. ആറു മാസം മുമ്പാണ് ബിജീഷ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഛത്തീസ്ഗഡിലെ നാരയാണ്‍പൂര്‍ ജില്ലയിലെ ക്യാംപില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ ബിജീഷടക്കം ആറുപേരാണ് മരിച്ചത്. വെടിവയ്പ്പില്‍ പരിക്കേറ്റ രണ്ടുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

സിതാറാം ഡൂണ്‍ എന്നയാളാണ് പരിക്കേറ്റ രണ്ടാമന്‍. നാരായണ്‍പൂരില്‍ രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കൂടാതെ അവധി അപേക്ഷ പരിഗണിക്കാത്തതില്‍ മസൂദുല്‍ അസ്വസ്ഥനായിരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. 45ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ മസൂദുല്‍ റഹ്മാന്‍ സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നടത്തിയ വെടിവയ്പ്പില്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയായിരുന്നു. മസൂദുല്‍ റഹ്മാനും വെടിയേറ്റ് മരിച്ചിട്ടുണ്ട്.

ഇയാള്‍ സ്വയം വെടിവച്ചതാണോ മറ്റുള്ളവരുടെ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഛത്തീസ്ഗഡ് പോലിസ് അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ സ്വദേശി കോണ്‍സ്റ്റബിള്‍ മഹേന്ദ്ര സിങ്, പഞ്ചാബ് ലുധിയാന സ്വദേശി ഹെഡ് കോണ്‍സ്റ്റബിള്‍ ദല്‍ജിത് സിങ്, പശ്ചിമ ബംഗാളിലെ ബര്‍ദ്വുവാന്‍ സ്വദേശി കോണ്‍സ്റ്റബിള്‍ സുര്‍ജിത് സര്‍ക്കാര്‍, പുരുലിയ സ്വദേശി ബിശ്വരൂപ് മഹതു എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും പോലിസ് വ്യക്തമാക്കി. സംഭവമറിഞ്ഞ് ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐജിപി സുന്ദര്‍രാജ് അറിയിച്ചു.

Next Story

RELATED STORIES

Share it