India

സിക്കിമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

സിക്കിമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി
X

ഗാങ്‌ടോക്ക്: സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിന് സമീപം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വടക്കന്‍ ബംഗാളിലും അസമിലും ബിഹാറിലും പ്രകമ്പനമുണ്ടായെന്നാണ് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാങ്‌ടോക്കിന്റെ കിഴക്ക്- തെക്കുകിഴക്കായി 25 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ഉപരിതലത്തില്‍നിന്നും പത്ത് കിലോമീറ്റര്‍ ആഴത്തില്‍ തിങ്കളാഴ്ച രാത്രി 8:49 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിന്റെയും ഭൂട്ടാന്റെയും ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി. പ്രാണരക്ഷാര്‍ഥം ആളുകള്‍ വീടുകളില്‍നിന്നും പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഭൂചലനത്തില്‍ നഗരം മുഴുവന്‍ ശക്തമായി വിറച്ചു. ഇത് അല്‍പ്പം ഭയപ്പെടുത്തുന്നതായിരുന്നു- ഗാങ്‌ടോക്ക് നിവാസിയായ കര്‍മ ടെന്‍പയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഭൂകമ്പസമയത്ത് സിലിഗുരിയിലുണ്ടായിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.

Next Story

RELATED STORIES

Share it