India

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 53000 കണ്ടല്‍ച്ചെടികള്‍ നശിപ്പിക്കും; വിവാദമായതോടെ പുനപ്പരിശോധിക്കുമെന്നു അധികൃതര്‍

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 53000 കണ്ടല്‍ച്ചെടികള്‍ നശിപ്പിക്കും; വിവാദമായതോടെ പുനപ്പരിശോധിക്കുമെന്നു അധികൃതര്‍
X

മുംബൈ: പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 13.36 ഹെക്റ്ററില്‍ 53,000 കണ്ടല്‍ച്ചെടികള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ ശിവസേന അംഗത്തിന്റെ ചോദ്യത്തിന് മഹാരാഷ്ട്ര ഗതാഗതവകുപ്പ് മന്ത്രി ദിവാകര്‍ റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഇതു വിവാദമായതോടെ പദ്ധതിക്കായി മുറിക്കുന്ന കണ്ടല്‍ചെടികളുടെ എണ്ണം കുറക്കാന്‍ ശ്രമിക്കുമെന്നു അധികൃതര്‍ അറിയിച്ചു. പദ്ധതിക്ക് വേണ്ടി അധികം മരങ്ങള്‍ മുറിക്കാതെ നോക്കാന്‍ ശ്രമക്കുമെന്നും കണ്ടല്‍ചെടികള്‍ മുറിക്കുന്നതു കൊണ്ട് നവി മുംബൈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു. വളരെ ഉയരത്തിലാണ് പദ്ധതിക്കായി തൂണുകള്‍ സ്ഥാപിക്കുക. അതുകൊണ്ട് പരിസ്ഥിതിക്ക് അധികം ആഘാതമേല്‍ക്കാത്ത രീതിയിലാവും നിര്‍മാണമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. സര്‍ക്കാര്‍ വെട്ടുന്ന ഓരോ മരത്തിനും പകരമായി അഞ്ച് മരത്തൈകള്‍ നടുമെന്നും അധികൃതര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജപ്പാന്‍ വികസന ഏജന്‍സിയായ ജയ്കയാണ് പദ്ധതിക്ക് സാമ്പത്തികമായി സഹായം നല്‍കുന്നത്. ഒരു ലക്ഷം കോടിരൂപയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ആവശ്യം. 1379 ഹെക്റ്റര്‍ സ്ഥലമാണ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇതില്‍ ഗുജറാത്ത് സംസ്ഥാനത്ത് നിന്ന് 724.13 ഹെക്റ്ററും മഹാരാഷ്ട്രയില്‍ നിന്ന് 270.65 ഹെക്റ്ററുമാണ് ഏറ്റെടുക്കുന്നത്.

മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ നിന്ന് 188 ഹെക്റ്റര്‍ സ്ഥലം ഏറ്റെടുക്കും. ഇവിടെ നിന്ന് 3498 പേരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. താനെ ജില്ലയില്‍ നിന്ന് 6589 കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു.

Next Story

RELATED STORIES

Share it