India

സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ കേരളം ഒന്നാമത്; 500 കോടി സാമ്പത്തിക സഹായം കിട്ടും

ആറുവര്‍ഷത്തിനിടെ 500 കോടി രൂപ സാമ്പത്തിക സഹായം കേരളത്തിന് ലഭിക്കാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാര്‍സ് (സ്ട്രങ്തനിങ് ടീച്ചിങ് ലേണിങ് ആന്‍ഡ് റിസല്‍ട്‌സ് ഫോര്‍ സ്‌റ്റേറ്റ്‌സ്) പദ്ധതിയില്‍ സംസ്ഥാനത്തെയും ഉള്‍പ്പെടുത്തിയതോടെയാണിത്.

സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ കേരളം ഒന്നാമത്; 500 കോടി സാമ്പത്തിക സഹായം കിട്ടും
X

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാഭ്യാസമഖലയില്‍ കേരളം നടത്തുന്ന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്. ആറുവര്‍ഷത്തിനിടെ 500 കോടി രൂപ സാമ്പത്തിക സഹായം കേരളത്തിന് ലഭിക്കാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാര്‍സ് (സ്ട്രങ്തനിങ് ടീച്ചിങ് ലേണിങ് ആന്‍ഡ് റിസല്‍ട്‌സ് ഫോര്‍ സ്‌റ്റേറ്റ്‌സ്) പദ്ധതിയില്‍ സംസ്ഥാനത്തെയും ഉള്‍പ്പെടുത്തിയതോടെയാണിത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തെ എല്ലാത്തലത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിയില്‍ കേരളത്തിനുപുറമേ ഹിമാചല്‍പ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളാണുള്ളത്. സ്‌കൂള്‍ വിദ്യഭ്യാസരംഗത്ത് രാജ്യത്ത് ഒന്നാമതെത്തിയതിനാലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. ഹിമാചല്‍ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കും വിദ്യാഭ്യാസരംഗത്തെ മികവ് തുണയായി. മറ്റ് മൂന്ന് സംസ്ഥാനങ്ങളെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയത്.

മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സ്‌കൂള്‍വിദ്യാഭ്യാസ സര്‍വേയില്‍ അക്കാദമിക അടിസ്ഥാനസൗകര്യ ഭരണസംവിധാന ഗുണനിലവാര സൂചികയില്‍ കേരളത്തിനായിരുന്നു ഒന്നാംസ്ഥാനം. ആയിരത്തില്‍ 826 പോയിന്റാണ് കേരളം നേടിയത്. പട്ടിക ലോകബാങ്കും അംഗീകരിച്ചു.

2021ലെ പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ് (പിസ) പരീക്ഷയ്ക്കായി വിദ്യാര്‍ഥികളെ ഒരുക്കുന്നതിന് ലോകബാങ്കിന്റെ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനുമായി കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതുപ്രകാരമാണ് ലോകബാങ്ക് സഹായം നല്‍കുന്നത്.

സമഗ്രശിക്ഷാ അഭിയാന്‍ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാനതല ഏജന്‍സി. അക്കാദമിക് കാര്യത്തില്‍ ജില്ലകളില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നേതൃത്വംനല്‍കും. ജില്ലാതല വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷന്‍ കലക്ടറായിരിക്കും. എസ്‌സിഇആര്‍ടി., സീമാറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപനം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക. പരിശീലനത്തിന് ബിആര്‍സിക്ക് പുറമേ ഉപജില്ലാതലത്തില്‍ ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററുമുണ്ടാകും.

വിദ്യാഭ്യാസത്തില്‍ തുല്യത, ഫലപ്രദമായ പ്രീസ്‌കൂള്‍ സംവിധാനം, പഠന നിലപാരവും അധ്യാപകരുടെ നിലവാരവും മെച്ചപ്പെടുത്തുക, കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. ആകെ ലഭിക്കുന്ന 5425 കോടിയില്‍ 3500 കോടി രൂപയാണ് ലോകബാങ്ക് നല്‍കുക.

Next Story

RELATED STORIES

Share it