India

മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റ്: ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്

മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റിന്റെ പേരിലാണ് മിശ്രയെ 48 മണിക്കൂര്‍ സമയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കിയിരിക്കുന്നത്.

മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റ്: ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റിന്റെ പേരിലാണ് മിശ്രയെ 48 മണിക്കൂര്‍ സമയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പോലിസാണ് വിലക്കിനെക്കുറിച്ചുള്ള വിവരം അറിയിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ മിനി പാകിസ്താനെന്ന് കപില്‍ മിശ്ര പ്രയോഗിച്ചിരുന്നു.

കപില്‍ മിശ്രയുടെ മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റ് എത്രയുംവേഗം നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിനെതിരേ കേസെടുക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗ് പാകിസ്താനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്. പാകിസ്താനിലേക്കുള്ള പ്രവേശനം ഷഹീന്‍ബാഗിലൂടെയാണ്, ഡല്‍ഹിയില്‍ മിനി പാകിസ്താന്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഷഹീന്‍ ബാഗ്, ചന്ദ്ബാഗ്, ഇന്റര്‍ലോക് നിയമം പാലിക്കുന്നില്ല, പാകിസ്താന്‍ കലാപകാരികള്‍ റോഡ് പിടിച്ചെടുത്തിരിക്കുന്നു തുടങ്ങിയ കപില്‍ മിശ്ര ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ട്വീറ്റും വിവാദമായിരുന്നു.

Next Story

RELATED STORIES

Share it