India

വീണ്ടും ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; ഗൃഹനാഥന്‍ മരിച്ചു, ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഗുരുതര പരിക്ക്

വീണ്ടും ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; ഗൃഹനാഥന്‍ മരിച്ചു, ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഗുരുതര പരിക്ക്
X

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു. വിജയവാഡയിലാണ് സംഭവം. ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുലാബി തോട്ട സ്വദേശിയായ ശിവകുമാറാണ് മരിച്ചത്. അപകടത്തില്‍ ശിവകുമാറിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലും തീപടര്‍ന്നു. അയല്‍വാസികള്‍ ഓടിയെത്തി നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാറിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ ശിവകുമാറിന്റെ ഭാര്യയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ചയാണ് ശിവകുമാര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയതെന്നാണ് റിപോര്‍ട്ട്. അതേസമയം, ഏത് കമ്പനിയുടേതാണ് സ്‌കൂട്ടര്‍ എന്ന കാര്യം വ്യക്തമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ തെലങ്കാനയില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ അപകടമാണിത്. നിസാമാബാദ് ജില്ലയില്‍ കഴിഞ്ഞദിവസം പ്യുവര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ പ്യുവര്‍ ഇവിക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 304 എ (അശ്രദ്ധ മൂലം മരണത്തിന് കാരണമായത്) പ്രകാരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായത് ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന് പ്യുവര്‍ ഇവി സ്‌കൂട്ടറുകള്‍ക്കും മറ്റ് നിര്‍മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ തീപ്പിടിത്തമുണ്ടായി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it