India

പൂനെയില്‍ 37 പേര്‍ക്കുകൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം; ആകെ രോഗികളുടെ എണ്ണം 59 ; രോഗബാധ കൂടുതലും പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവരില്‍

പൂനെയില്‍ 37 പേര്‍ക്കുകൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം; ആകെ രോഗികളുടെ എണ്ണം 59 ; രോഗബാധ കൂടുതലും പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവരില്‍
X

മുംബൈ: അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പുനെയില്‍ 37 പേര്‍ക്കു കൂടി കണ്ടെത്തി. ഇതോടെ ആകെ രോഗികള്‍ 59 ആയി. ഇതില്‍ 40 പേര്‍ പുരുഷന്‍മാരാണ്. പുനെയിലെ ഗ്രാമീണ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍. പുനെ സിറ്റിയില്‍ 11 പേര്‍ക്കും പിംപ്രിചിഞ്ച്വാഡ് മേഖലയില്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ ദ്രുതകര്‍മ സേന സന്ദര്‍ശനം നടത്തി. ഇവിടെനിന്നു ശുദ്ധജല സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശദമായ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.

പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ആളുകളിലാണു രോഗബാധ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം വയറുവേദനയ്ക്കും അതിസാരത്തിനും ചികിത്സ തേടി ആശ്വാസം ലഭിക്കുന്നവര്‍ കടുത്ത ക്ഷീണവും തളര്‍ച്ചയും മൂലം വീണ്ടും ആശുപത്രിയില്‍ എത്തുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ നിരീക്ഷിക്കണമെന്നും സംശയം തോന്നുന്ന കേസുകള്‍ അറിയിക്കണമെന്നും പുണെയിലെ സ്വകാര്യ, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.


Next Story

RELATED STORIES

Share it