Sub Lead

സോപ്പ് വെള്ളവും വെളുത്ത പെയ്ന്റും ചേര്‍ത്ത് പാല്‍; ആറ് സംസ്ഥാനങ്ങളില്‍ വിതരണം

സോപ്പ് വെള്ളവും വെളുത്ത പെയ്ന്റും ചേര്‍ത്ത് പാല്‍; ആറ് സംസ്ഥാനങ്ങളില്‍ വിതരണം
X

ഭോപ്പാല്‍: സോപ്പ് വെള്ളവും പെയ്ന്റും ഉള്‍പ്പെടെ ഉപയോഗിച്ച് കൃത്രിമമായി പാല്‍ നിര്‍മിക്കുന്ന മധ്യപ്രദേശിലെ മൂന്ന് ഫാക്ടറികളില്‍ നടത്തിയ റെയ്ഡില്‍ 57 പേര്‍ അറസ്റ്റില്‍. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പാല്‍ ആറ് സംസ്ഥാനങ്ങളിലെ ബ്രാന്‍ഡഡ് പാല്‍ ഉല്‍പ്പാദന കേന്ദ്രങ്ങളിലേക്കാണ് വിതരണം ചെയ്തിരുന്നത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പാല്‍ വിതരണം ചെയ്തിരുന്നതെന്ന് മധ്യപ്രദേശ് സംസ്ഥാന പോലിസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. മൊറീന ജില്ലയിലെ അംബ, ഭിന്ദ് ജില്ലയിലെ ലഹര്‍, ചമ്പല്‍ മേഖലയിലെ ഗ്വാളിയോര്‍ എന്നിവിടങ്ങളിലാണ് കൃത്രിമ പാല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

10,000 ലിറ്റര്‍ വ്യാജ പാല്‍, 500 കിലോഗ്രാം വ്യാജ പാല്‍ക്കട്ടി, 200 കിലോഗ്രാം കൃത്രിമ പനീര്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പോലിസ് സൂപ്രണ്ട് രാജേഷ് ഭദോരിയ പറഞ്ഞു. കൃത്രിമ പാലും മറ്റു ഉല്‍പ്പന്നങ്ങളും അടങ്ങിയ 20 ടാങ്കറുകളും 11 പിക്കപ്പ് വാനുകളുമാണ് പിടികൂടിയത്.

പാലിനോപ്പം ദ്രവ രൂപത്തിലുള്ള ഡിറ്റര്‍ജന്റ്, വെള്ള പെയിന്റ്, ഗ്ലൂക്കോസ് പൗഡര്‍, ശുദ്ദീകരിച്ച എണ്ണ എന്നിവ ചേര്‍ത്താണ് കൃത്രിമ പാല്‍ തയ്യാറാക്കിയിരുന്നത്. വെറും 30 ശതമാനം മാത്രമാണ് യഥാര്‍ത്ഥ പാല്‍ ചേര്‍ക്കുന്നത്. ടാങ്കര്‍ ലോറികളിലും പിക്കപ്പ് വാനുകളിലും നിറച്ചാണ് അന്യസംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നത്.

ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ 5 രൂപ മാത്രമാണ് ചെലവ് വരുന്നത്. മാര്‍ക്കറ്റില്‍ ഈ പാല്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. കൂടാതെ പനീറിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും മാര്‍ക്കറ്റില്‍ വില്‍ക്കുന്നു. ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉല്‍പാദനകേന്ദ്രത്തില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്. കൃത്രിമ പാല്‍ നിര്‍മാണത്തിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്പി രാജേഷ് ഭദോരിയ പറഞ്ഞു.

Next Story

RELATED STORIES

Share it