India

ശ്രീനഗറിലെ സായുധാക്രമണം: പരിക്കേറ്റ ഒരു പോലിസുകാരന്‍ കൂടി മരിച്ചു; ആകെ മരണസംഖ്യ മൂന്നായി

ശ്രീനഗറിലെ സായുധാക്രമണം: പരിക്കേറ്റ ഒരു പോലിസുകാരന്‍ കൂടി മരിച്ചു; ആകെ മരണസംഖ്യ മൂന്നായി
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിന് സമീപം അതീവസുരക്ഷാ മേഖലയില്‍ പോലിസ് ബസ്സിനു നേരേ സായുധര്‍ നടത്തിയ വെടിവയ്പ്പില്‍ പരിക്കേറ്റ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ഇതോടെ സായുധാക്രമണത്തില്‍ കൊല്ലപ്പെട്ട പോലിസുകാരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചികില്‍സയിലുള്ള അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിന്റെയും സെക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിളിന്റെയും നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകുന്നേരം സീവാന്‍ മേഖലയിലെ പോലിസ് ക്യാംപിന് സമീപം പാന്താ ചൗക്കിലൂടെ പോലിസ് വാഹനം നീങ്ങുന്നതിനിടെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പോലിസ് വാഹനത്തിന് നേരേ വെടിയ്പ്പുണ്ടായി മണിക്കൂറുകള്‍ക്കുശേഷം ശ്രീനഗറിലെ രംഗ്‌റീതില്‍ രണ്ട് സായുധരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗര്‍- ജമ്മു ദേശീയ പാതയില്‍ ജമ്മു കശ്മീര്‍ പോലിസിന്റെ സായുധ വിഭാഗത്തിലെ ഒമ്പതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച പോലിസ് ബസ്സിനു നേരേ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രാഥമിക റിപോര്‍ട്ടുകള്‍ പ്രകാരം രണ്ട് സായുധര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ പോലിസ് സംഘത്തിന് നേരേ സായുധര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പോലിസുകാര്‍ കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമണം.

ഡിസംബര്‍ 10ന് ബന്ദിപ്പോരയിലെ ഗുല്‍ഷന്‍ ചൗക്കിലായിരുന്നു സംഭവം. പോലിസും അര്‍ധസൈനിക വിഭാഗവും ഉള്‍പ്പെടെയുള്ളവയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വന്‍ സാന്നിധ്യമുള്ള അതീവ സുരക്ഷാ മേഖലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. നിരവധി സായുധ പോലിസ് ബറ്റാലിയനുകളുള്ള ജമ്മു കശ്മീര്‍ പോലിസിന്റെ സായുധ സമുച്ചയം സെവാനിലാണ്.

സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥരുടെ കാംപുകളും ഇവിടെയുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിക്കുകയും വിശദാംശങ്ങള്‍ തേടുകയും ചെയ്തു. ജമ്മു കശ്മീരിലെ സായുധാക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ആരാഞ്ഞിട്ടുണ്ട്- പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it