India

ട്രാക്ടര്‍ റാലിക്ക് മുമ്പായി ദിഷ അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ സൂം മീറ്റിങ് നടത്തി; അറസ്റ്റിന് ന്യായീകരണവുമായി ഡല്‍ഹി പോലിസ്

കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പുനീത് എന്ന സ്ത്രീയാണ് ദിഷ രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ ഖാലിസ്താന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു. ജനുവരി 11ന് ഇവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തു. ഈ മൂന്നുപേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് തയ്യാറാക്കുകയും ഇതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തത്.

ട്രാക്ടര്‍ റാലിക്ക് മുമ്പായി ദിഷ അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ സൂം മീറ്റിങ് നടത്തി; അറസ്റ്റിന് ന്യായീകരണവുമായി ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി, പോലിസ് അന്വേഷിക്കുന്ന നിഖിത ജേക്കബ്, ശന്തനു മുലുക്ക് എന്നിവര്‍ അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പോലിസ്. സോഷ്യല്‍ മീഡിയ വഴി ട്രാക്ടര്‍ റാലിക്ക് പ്രചാരണം കൊടുക്കുന്നതിനായിരുന്നു ഇത്. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റുചെയ്ത നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും സാമൂഹിക, സാംസ്‌കാരിക മേഖലയില്‍നിന്നും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഡല്‍ഹി പോലിസ് വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചത്.

കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പുനീത് എന്ന സ്ത്രീയാണ് ദിഷ രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ ഖാലിസ്താന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു. ജനുവരി 11ന് ഇവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തു. ഈ മൂന്നുപേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് തയ്യാറാക്കുകയും ഇതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തത്. ദിഷാ രവിയാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത്. ഖാലിസ്ഥാനി സംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി ടൂള്‍കിറ്റ് തയ്യാറാക്കി പ്രചരിപ്പിച്ചത് ദിഷയാണെന്നും പോലിസ് ആരോപിക്കുന്നു.

ദിഷാ രവിയ്‌ക്കെതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിക്കുകയും കൂട്ടാളി നിഖിത ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റുണ്ടായതെന്ന് പോലിസ് പറയുന്നു. ടൂള്‍കിറ്റ് ഗൂഗിള്‍ ഡോക്കിന്റെ ഉടമയാണ് ശാന്തനു മുലുക്കിന്റെ ഇ-മെയില്‍ അക്കൗണ്ട്. ദിഷയെ അറസ്റ്റുചെയ്തതില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. ദിഷയുടെ അമ്മയുടെ സാന്നിധ്യത്തില്‍ എസ്എച്ച്ഒ, വനിതാ പോലിസ് എന്നിവരാണ് അവരെ അറസ്റ്റുചെയ്തതെന്നും പോലിസ് പറഞ്ഞു. ബംഗളൂരുവില്‍നിന്നുള്ള കോളജ് ബിരുദധാരിയായ ദിഷ രവിയെ മാതാപിതാക്കളുടെ അറിവില്ലാതെ അറസ്റ്റുചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുപോയെന്ന വിമര്‍ശനത്തിനായിരുന്നു പോലിസിന്റെ വിശദീകരണം.

ദിഷയെ കോടതി അഞ്ചുദിവസത്തെ ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഞാന്‍ ടൂള്‍കിറ്റ് ഉണ്ടാക്കിയിട്ടില്ല, ഞങ്ങള്‍ കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആഗ്രഹിച്ചു. ഫെബ്രുവരി 3ന് ഞാന്‍ രണ്ടുവരികള്‍ എഡിറ്റുചെയ്തു- എന്നാണ് ദിഷാ രവി കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് മലയാളി അഭിഭാഷക നിഖിത ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലിസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ നിഖിത ജേക്കബ് ഇടക്കാല ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെബ്രുവരി 11 ന് ഒരുസംഘം തന്റെ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ എത്തിയതായി നിഖിത ജേക്കബ് ഹൈക്കോടതി അപേക്ഷയില്‍ പറയുന്നുണ്ട്.

13 മണിക്കൂറോളം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തതായും പറയുന്നു. ചൊവ്വാഴ്ച കോടതി ഹരജി പരിഗണിക്കും. ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ദിഷ രവിയെ .അറസ്റ്റുചെയ്തത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും പ്രതിഷേധശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ദിഷയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ചും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകനെ ഉറപ്പുവരുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് റെബേക്ക ട്വിറ്ററില്‍ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it