India

21 ദിവസം കൊണ്ട് കൊവിഡിനെതിരായ പോരാട്ടം വിജയിക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ നൂറുദിവസമായി; മോദിയെ വിമര്‍ശിച്ച് ശിവസേന

വന്‍ സാമ്പത്തികശക്തിയാവാന്‍ സ്വപ്‌നം കാണുന്ന ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 25,000 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് നിര്‍ഭാഗ്യകരവും ഗുരുതരവുമാണെന്ന് ശിവസേന അഭിപ്രായപ്പെടുന്നു.

21 ദിവസം കൊണ്ട് കൊവിഡിനെതിരായ പോരാട്ടം വിജയിക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ നൂറുദിവസമായി; മോദിയെ വിമര്‍ശിച്ച് ശിവസേന
X

മുംബൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ അതിവേഗം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന രംഗത്ത്. കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയാണ് ശിവസേന ആയുധമാക്കിയിരിക്കുന്നത്. കൊവിഡിനെതിരായ പോരാട്ടം വിജയിക്കാന്‍ 21 ദിവസം മതിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

എന്നാല്‍, നൂറുദിവസം പിന്നിട്ടിട്ടും പ്രതിസന്ധി അതേപടി നിലനില്‍ക്കുകയാണെന്നാണ് ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നത്. വന്‍ സാമ്പത്തികശക്തിയാവാന്‍ സ്വപ്‌നം കാണുന്ന ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 25,000 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് നിര്‍ഭാഗ്യകരവും ഗുരുതരവുമാണെന്ന് ശിവസേന അഭിപ്രായപ്പെടുന്നു. രാജ്യത്ത് റിപോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നാം റഷ്യയെ മറികടന്നത്.

കേസുകളുടെ എണ്ണം ഇതുപോലെ വര്‍ധിക്കുകയാണെങ്കില്‍ താമസിയാതെ നാം ഒന്നാം സ്ഥാനത്തെത്തും. മഹാഭാരതയുദ്ധം 18 ദിവസംകൊണ്ട് അവസാനിച്ചുവെന്നും 21 ദിവസംകൊണ്ട് നാം കൊവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്നുമാണ് മാര്‍ച്ചിലാണ് മോദി പറഞ്ഞത്. എന്നാല്‍, 100 ദിവസം പിന്നിട്ടുകഴിഞ്ഞു. കൊവിഡ് ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെതിരേ പോരാടുന്നര്‍ തളര്‍ന്നിരിക്കുകയാണ്. മഹാഭാരത യുദ്ധത്തേക്കാള്‍ പ്രതിസന്ധി നിറഞ്ഞതാണ് കൊവിഡിനെതിരായ പോരാട്ടം. 2021 വരെ കൊവിഡ് വൈറസിനെതിരായ പോരാട്ടം തുടരേണ്ടിവരും. അതിനുമുമ്പ് എന്തായാലും വാക്‌സിന്‍ ലഭ്യമാവില്ലെന്നും ശിവസേന ചൂണ്ടിക്കാട്ടി.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതില്‍ ശിവസേന ആശങ്ക പ്രകടിപ്പിച്ചു. നിരവധി ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, പോലിസുകാര്‍, പൊതുജനസേവകര്‍, മറ്റു ഭരണാധികാരികള്‍ എന്നിവര്‍ രോഗബാധിതരാണ്. രാജ്യത്ത് എത്രദിവസം ലോക്ക് ഡൗണ്‍ തുടരുമെന്നും ശിവസേന ചോദിക്കുന്നു. ഒരു രാഷ്ട്രീയകക്ഷിയുടെയോ നേതാവിന്റെയോ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ചോദ്യം.

Next Story

RELATED STORIES

Share it