India

20000 രോഗികള്‍ക്ക് ഒരു ഡോക്ടര്‍; ഇതാണ് യോഗിയുടെ 'യുപി മോഡല്‍'

സര്‍ക്കാരിന്റെ തന്നെ 2018ലെ മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് നോക്കൂ. 3,621 ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളില്‍ ആകെയുള്ളത് 2,209 ഡോക്ടര്‍മാരാണത്രേ.

20000 രോഗികള്‍ക്ക് ഒരു ഡോക്ടര്‍; ഇതാണ് യോഗിയുടെ യുപി മോഡല്‍
X

ലഖ്‌നോ: ആരോഗ്യപരിരക്ഷയില്‍ രാജ്യത്ത് തന്നെ ഏറ്റവും പിറകിലാണ് ബിജെപി നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശെന്ന് കഴിഞ്ഞ ദിവസം നീതി ആയോഗ് റിപോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍, അവിടുത്തെ രോഗി-ഡോക്ടര്‍ അനുപാതം കൂടിയറിഞ്ഞാലേ ആരോഗ്യമേഖലയെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. സംസ്ഥാനത്ത് 20000ത്തോളം രോഗികള്‍ക്ക്, കൃത്യമായി പറഞ്ഞാല്‍ 19,962 രോഗികളെ പരിശോധിക്കാന്‍ ഒരു സര്‍ക്കാര്‍ ഡോക്ടറാണുള്ളതെന്നാണ് അവസ്ഥ. ദേശീയ ശരാശരി 11,082 ആണെന്നിരിക്കെയാണ് യുപിയിലെയും ബിഹാറിലെയും ദയനീയി സ്ഥിതി. ബിഹാറില്‍ ഇത് 28,391 ആണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുമ്പോള്‍ 7000ത്തോളം ഡോക്ടര്‍മാരുടെ കുറവുണ്ടായിരുന്നുവെന്നും 2532 ഡോക്ടര്‍മാരെ പുതുതായി നിയമിച്ചെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്നത്. ലഖ്‌നോയില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ അകലെയുള്ള ബാരാബങ്കിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ആരോഗ്യകേന്ദ്രത്തില്‍ ഒരു ലക്ഷത്തോളം പേരാണ് ചികില്‍സയ്‌ക്കെത്തുന്നത്. ഇവിടെ ഒരു അലോപ്പതി ഡോക്ടറും ഒരു ആയുര്‍വേദ ഡോക്ടറുമാണുള്ളത്. ഒരു വാര്‍ഡ് ബോയ് പോലുമില്ല. സര്‍ക്കാരിന്റെ തന്നെ 2018ലെ മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് നോക്കൂ. 3,621 ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളില്‍ ആകെയുള്ളത് 2,209 ഡോക്ടര്‍മാരാണത്രേ. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ സൗകര്യമുള്ള സര്‍ക്കാര്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയായ ഫിറോസാബാദിലെ ആശുപത്രിയുടെ അവസ്ഥ തന്നെ യുപിയുടെ മൊത്തം ചിത്രം വ്യക്തമാക്കുന്നുണ്ട്. ഇവിടെയൊരു അള്‍ട്രാ സൗണ്ട് യന്ത്രം പോലുമില്ല. ഒരൊറ്റ റേഡിയോളജിസ്റ്റ് മാത്രമാണുള്ളത്. കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിക്കുമ്പോഴാണ് തങ്ങളുടെ ഏറ്റവും ശക്തമായ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ പോലുമില്ലാതെ ആരോഗ്യരംഗം കുത്തഴിഞ്ഞു നില്‍ക്കുന്നതെന്നതു ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it