India

മകളെ തട്ടിക്കൊണ്ടു പോയതായി നാടകം; ബിജെപി നേതാവ് അറസ്റ്റില്‍

മകളെ തട്ടിക്കൊണ്ടു പോയതായി നാടകം; ബിജെപി നേതാവ് അറസ്റ്റില്‍
X

കൊല്‍ക്കത്ത: തോക്കുമായെത്തിയ സംഘം22 കാരിയായ മകളെ തട്ടിക്കൊണ്ടുപോയതായി നാടകം കളിച്ച ബിജെപി നേതാവ് അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഭിര്‍ഭും ജില്ലയിലെ ബിജെപി നേതാവ് സുപ്രഭാത് ഭട്ട്യാബല്‍ ആണ് അറസ്റ്റിലായത്. താന്‍ വീട്ടിലില്ലാത്ത സമയത്തു തോക്കുമായെത്തിയ സംഘം വീട്ടുകാരെ ബന്ധിയാക്കി മകളെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു ഭട്ട്യാബല്‍ പോലിസില്‍ നല്‍കിയ പരാതി. തുടര്‍ന്നു പോലിസ് നടത്തിയ അന്വേഷണത്തില്‍ ദിനാജ്പൂര്‍ ജില്ലയില്‍ നിന്നും മകളെ കണ്ടെത്തുകയും രണ്ടു പേര്‍ പിടിയിലാവുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെയാണു സംഭവത്തിലെ കള്ളക്കളികള്‍ പുറത്തായത്. തൃണമൂല്‍ നേതാക്കളെ കുടുക്കാനായി ഭട്ട്യാബല്‍ തന്നെ ആസൂത്രണം ചെയ്തതായിരുന്നു തട്ടിക്കൊണ്ടുപോവല്‍. ഭട്ട്യാബലിന്റെ അടുത്ത സുഹൃത്തുക്കളാണ് വീട്ടിലെത്തിയ സംഘമെന്നും എല്ലാവരും ഒരുമിച്ചു മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണു തട്ടിക്കൊണ്ടുപോവല്‍ നാടകം ആസൂത്രണം ചെയ്തതെന്നും പോലിസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോവല്‍ ഭട്ട്യാബലിന്റെ വീട്ടുകാര്‍ എതിര്‍ക്കാതിരുന്നതും പെണ്‍കുട്ടിയുടെ എതിര്‍പോ കരച്ചിലോ കേട്ടില്ലെന്നുള്ള അയല്‍വാസികളുടെ മൊഴിയും ഭട്ട്യാബലിനെ നേരത്തെ സംശയമുനയില്‍ നിര്‍ത്തിയിരുന്നു. സിപിഎമ്മില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ സുപ്രഭാത് ഭട്ട്യാബല്‍ അഞ്ചുമാസം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.

Next Story

RELATED STORIES

Share it