India

ത്രിപുര: 102 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരേ യുഎപിഎ; ത്രിപുര പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ എംപി

ത്രിപുര: 102 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരേ യുഎപിഎ; ത്രിപുര പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ എംപി
X

അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ ഒക്ടോബറില്‍ ഹിന്ദുത്വര്‍ നടത്തിയ അഴിഞ്ഞാട്ടം പുറംലോകത്തെത്തിച്ചതിനും റിപോര്‍ട്ട് ചെയ്തതിനും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 102 പേര്‍ക്കെതിരേ യുഎപിഎ ചുമത്തിയ ത്രിപുര പോലിസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുസ്മിത ദേവ്. ത്രിപുര പോലിസിന്റെ നടപടി 'പക്ഷപാതപര' മാണെന്നും സംസ്ഥാന മുഖ്യമന്ത്രിയുടെ കൈയിലെ പാവയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏതൊരു സമുദായത്തിനെതിരേയും ഒരുതരത്തിലുള്ള അസഹിഷ്ണുതയും അക്രമവും നടത്തുന്നത് അംഗീകരിക്കാന്‍ തൃണമൂലിന് കഴിയില്ല. ഞങ്ങള്‍ എപ്പോഴും അതിനെ അപലപിക്കുന്നു.

എന്നിരുന്നാലും സംസ്ഥാനത്ത് കാര്യങ്ങള്‍ സാധാരണനിലയിലാണെന്നും കുഴപ്പമൊന്നുമില്ലെന്നും ത്രിപുര പോലിസ് സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലാണ് അവര്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ 102 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. അക്രമത്തിനെതിരേ സ്വന്തം സംസ്ഥാനത്ത് എത്ര അറസ്റ്റുകള്‍ നടത്തിയെന്ന് ത്രിപുര പോലിസിനോട് ഞാന്‍ ചോദിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി നേതാക്കളെ ആക്രമിച്ചു. കഴിഞ്ഞ മാസം ഞാനും ആക്രമിക്കപ്പെട്ടു. എന്നാല്‍, പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ല.

ത്രിപുര പോലിസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. അവര്‍ ബിപ്ലബ് കുമാര്‍ ദേബിന്റെ കൈയിലെ കളിപ്പാവകളാണ്. അത് രാജ്യത്തിന് മുഴുവന്‍ അറിയാം. നമ്മുടെ ക്രമസമാധാനപാലനം ഉരപ്പുവരുത്തേണ്ട ത്രിപുര പോലിസില്‍ സംസ്ഥാന മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് ബിജെപിയുടെ അഴിമതിയും പ്രവര്‍ത്തനമില്ലായ്മയും പാര്‍ട്ടി തുറന്നുകാട്ടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ദിവസമാണ് 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരേ പോലിസ് യുഎപിഎ ചുമത്തിയത്. അധിക്ഷേപകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് ത്രിപുര പോലിസ് നോട്ടീസ് അയക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it