Districts

കോട്ടയം-നിലമ്പൂർ എക്സ്പ്രസ്: സ്റ്റോപ്പുകൾ കുറച്ചു, യാത്രക്കാർക്ക് റെയിൽവെയുടെ ഇരുട്ടടി

200 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ കേന്ദ്ര സർക്കാർ സ്പെഷൽ ട്രെയിനുകളാക്കി ഉയർത്തിയതിൽ കോട്ടയും പാസഞ്ചറും ഉൾപ്പെട്ടിരുന്നു.

കോട്ടയം-നിലമ്പൂർ എക്സ്പ്രസ്: സ്റ്റോപ്പുകൾ കുറച്ചു, യാത്രക്കാർക്ക് റെയിൽവെയുടെ ഇരുട്ടടി
X

പെരിന്തൽമണ്ണ: സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് യാത്രക്കാർക്ക് റെയിൽവെയുടെ ഇരുട്ടടി. നിലമ്പൂർ -ഷൊർണ്ണൂർ പാതയിൽ നാളെ മുതൽ സർവീസ് പുനരാരംഭിക്കുന്ന കോട്ടയം-നിലമ്പൂർ സ്പെഷൽ എക്സ്പ്രസിന് ആകെയുള്ളത് രണ്ട് സ്റ്റോപ്പുകളായി വെട്ടിച്ചുരിക്കിയതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ഇനി ട്രെയിനിന് സ്റ്റോപ്പുണ്ടാവുക. നേരത്തെ വാടാനാംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടികപ്പുലം, എന്നീ എട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരുന്നു.

200 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ കേന്ദ്ര സർക്കാർ സ്പെഷൽ ട്രെയിനുകളാക്കി ഉയർത്തിയതിൽ കോട്ടയും പാസഞ്ചറും ഉൾപ്പെട്ടിരുന്നു. കൊവിഡിന് ശേഷം രാജ്യത്ത് പാസഞ്ചർ ട്രെയിനുകളുടെ സർവീസ് തുടങ്ങിയിട്ടില്ല. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ ദൂരം ഓടുന്ന പാസഞ്ചർ ട്രെയിനുകളെ സ്പെഷൽ എക്സ്പ്രസുകളാക്കി ഉയർത്തിയത്. എക്സ്പ്രസായതോടെ സ്റ്റോപ്പുകൾ കൂട്ടത്തോടെ വെട്ടിയത് യാത്രക്കാർക്ക് കടുത്ത ദുരിതമാവും.

എക്സ്പ്രസാക്കി ഉയർത്തപ്പെട്ട മറ്റ് ട്രെയിനുകളെല്ലാം സർവീസ് തുടങ്ങിയപ്പോഴും നിലമ്പൂർ-കോട്ടയം എക്സ്പ്രസ് മാത്രം സർവീസ് നടത്തിയിരുന്നില്ല. ട്രെയിൻ യാത്രക്കാരുടെ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമടക്കം കടുത്ത പ്രതിഷേധ സമരങ്ങളുമായി വന്നതോടെ കഴിഞ്ഞ ദിവസമാണ് റെയിൽവേ മന്ത്രാലയം കോട്ടയം എക്സ്പ്രസിന് പച്ചക്കൊടി വീശിയത്. ഇതോടെ ഷൊർണ്ണൂർ-നിലമ്പൂർ റൂട്ടിലെ യാത്രക്കാർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ രണ്ടിടങ്ങളിൽ മാത്രമേ സ്റ്റോപ്പുള്ളൂ എന്നത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് വല്ലപ്പുഴ, മേലാറ്റൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്തത് ജനങ്ങളെ ഏറെ വലയ്ക്കും.

ചെർപ്പുളശേരി, കൊപ്പം ഭാഗങ്ങളിലുള്ളവർക്ക് വല്ലപ്പുഴയിൽ നിന്നും പാണ്ടിക്കാട്, മഞ്ചേരി ഭാഗങ്ങളിലുള്ളവർക്ക് മേലാറ്റൂരിൽ നിന്നും ട്രെയിൻ കയറാനാവും. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങൾ കൂടിയാണിത്. 67 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ-നിലമ്പൂർ പാതയിൽ പത്ത് സ്റ്റേഷനുകളാണുള്ളത്. ഇതിൽ നാല് സ്റ്റേഷനുകളിലെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൂടാതെ മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യണമെന്നതും യാത്രക്കാരെ വലക്കും. ആശ്വാസത്തിന് പകരം ആശങ്കയാണ് പുതിയ വണ്ടിയുടെ വരവോടെ ജനങ്ങൾക്കുണ്ടാവുക. അടിയന്തിരമായി വല്ലപ്പുഴ, മേലാറ്റൂർ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Next Story

RELATED STORIES

Share it