ആരോഗ്യമേഖലയിലെ പരിശീലനങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക്

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലയുടെ പരിശീലനകേന്ദ്രമായാണ് പെരിന്തല്‍മണ്ണയെ തിരഞ്ഞെടുത്തത്. ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നടക്കും.

ആരോഗ്യമേഖലയിലെ പരിശീലനങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക്

പെരിന്തല്‍മണ്ണ: ജില്ലയില്‍ ആരോഗ്യമേഖലയിലെ മുഴുവന്‍ പരിശീലനങ്ങള്‍ക്കും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയെ കേന്ദ്രമാക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലയുടെ പരിശീലനകേന്ദ്രമായാണ് പെരിന്തല്‍മണ്ണയെ തിരഞ്ഞെടുത്തത്. ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നടക്കും. ഇതിന്റെ ഭാഗമായി ഉന്നതസംഘം കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ആശുപത്രി സന്ദര്‍ശിച്ച് വിലയിരുത്തി. സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്‌സസ് സെന്റര്‍ കേരള(എസ്എച്ച്എസ്ആര്‍സി)യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെഎസ് ഷിനു, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ധനുജ എന്നിവരുടെ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

എസ്എച്ച്എസ്ആര്‍സി യിലാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. ദൂരക്കൂടുതലും പരിശീലനത്തില്‍ പങ്കെടുത്ത് തിരികെയെത്തുന്നതിനുള്ള അവധി ആനുകൂല്യങ്ങളും സര്‍ക്കാരിന് ചെലവേറിയിരുന്നു. വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുന്നതുമൂലം പലരും പരിശീലനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലകള്‍തോറും പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ഡോ കെഎസ് ഷിനു പറഞ്ഞു. അതത് ജില്ലകളിലെ ജില്ലാ ആശുപത്രികളെയാണ് പരിശീലനകേന്ദ്രങ്ങളാക്കാന്‍ പ്രഥമപരിഗണ നല്‍കുന്നത്. മലപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങളും മറ്റുമുള്ളതിനാലാണ് പെരിന്തല്‍മണ്ണയെ തിരഞ്ഞെടുത്തത്. ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഡോക്യുമെന്റേഷന്‍, അത്യാവശ്യം ജീവനക്കാരുടെ സേവനം എപ്പോഴും ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുകൂടിയാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്.

RELATED STORIES

Share it
Top