Districts

കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയവരെ ഗ്രാമപ്രഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയതായി പരാതി

പരാതി കിട്ടി മണിക്കൂറുകള്‍ക്കകം സെക്രട്ടറി ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി.

കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയവരെ ഗ്രാമപ്രഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയതായി പരാതി
X

മാള: കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് നിര്‍ദ്ധന കുടുംബത്തിന്റേ പരാതി കൊടുക്കാന്‍ ചെന്നവരെ ഗ്രാമപഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയെന്ന് പരാതി. കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വെച്ചാണ് സംഭവം. ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ 210 ാം നമ്പര്‍ വീട്ടില്‍ താമസിക്കുന്ന 14 അംഗ നാടോടി കുടുംബവുമായി ബന്ധപ്പെട്ട പരാതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൊടുക്കാനായാണ് ഡിവൈഎഫ്‌ഐ കൊച്ചുകടവ് യൂനിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂറും സെക്രട്ടറി വി എസ് അരുണ്‍കുമാറും സെക്രട്ടറിയുടെ മുറിയിലെത്തിയത്. സെക്രട്ടറിക്ക് പരാതി കൊടുത്തതിനെ തുടര്‍ന്ന് വാര്‍ഡംഗത്തെ വിളിച്ച് സെക്രട്ടറി കുടുംബവമായി ബന്ധപ്പെട്ട വിവരങ്ങളാരാഞ്ഞു.

കൊച്ചുകടവ് കുണ്ടൂര്‍ റോഡില്‍ ആരാധനാലയങ്ങള്‍ക്ക് സമീപത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നാടോടിക്കുടുംബം കോണ്‍ടാക്ടറുടെ കീഴില്‍ പണിയെടുക്കുന്നവരാണെന്ന് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ചിരിക്കയായിരുന്നു ഗ്രാമപഞ്ചായത്തംഗം. പരാതിയും ഗ്രാമപഞ്ചായത്തംഗത്തിന്റെ വാക്കുകളും പൊരുത്തപ്പെടാത്തതായിരുന്നതിനാല്‍ സെക്രട്ടറി അതേക്കുറിച്ച് ചോദിച്ചതിനെതുടര്‍ന്ന് പരാതിക്കാരോട് ഗ്രാമപഞ്ചായത്തംഗം എതിര്‍ത്ത് സംസാരിച്ചു. വാര്‍ഡില്‍ താമസിക്കുന്നവരെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് താങ്കളല്ലേയെന്നും മറ്റും ചോദിച്ചതോടെ ഗ്രാമപഞ്ചായത്തംഗം ദേഷ്യപ്പെടുകയായിരുന്നു. അതേതുടര്‍ന്നാണ് സംസാരം ഉച്ചത്തിലായതും ഭീഷണിപ്പെടുത്തിയതും. ഇതിനിടയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കം സ്ഥലത്ത് എത്തിയെങ്കിലും അവരാരും പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. തര്‍ക്കം മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുകയായിരുന്നത് മറ്റൊരു ഗ്രാമപഞ്ചായത്തംഗം തടസ്സപ്പെടുത്തി. മൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും മുലയൂട്ടുന്ന അമ്മയും കുഞ്ഞുമടക്കമുള്ള കുടുംബത്തിന് ഭക്ഷണത്തിന് യാതൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ പരാതി കിട്ടി മണിക്കൂറുകള്‍ക്കകം സെക്രട്ടറി ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി. കുടുംബം താമസിക്കുന്ന വീടിന്റെ ഉടമസ്ഥതനോടുള്ള ഗ്രാമപഞ്ചായത്തംഗത്തിന്റെ വൈരാഗ്യം മൂലമാണ് നാടോടി കുടുംബത്തിന് സഹായം കിട്ടുന്നതിന് തടസ്സം നിന്നതെന്നാണ് നാട്ടിലെ സംസാരം.

Next Story

RELATED STORIES

Share it