Districts

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം: മനുഷ്യ ജല ശൃംഖല തീര്‍ത്തു

ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി എസ്എഫ്‌ഐ പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം:  മനുഷ്യ ജല ശൃംഖല തീര്‍ത്തു
X

കണ്ണൂര്‍: ഭരണഘടന സംരക്ഷണത്തിനായി നാളെ നടക്കുന്ന മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാര്‍ഢ്യവുമായി പെരുമ്പ പുഴയില്‍ ഇന്ന് രാവിലെ മനുഷ്യ ജല ശൃംഖല തീര്‍ത്തു.

ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി എസ്എഫ്‌ഐ പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. എസ്എഫ്‌ഐ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ വി ഷിതിന്‍, സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ പി മധു എന്നിവര്‍ സംസാരിച്ചു. ശ്രുതി ചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുഴയ്ക്ക് കുറുകെ കെട്ടിയ റോപ്പില്‍ പിടിച്ച് നീന്തിക്കിടന്നുകൊണ്ടായിരുന്നു മനുഷ്യ ജല ശൃംഖലയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തത്.

ചാള്‍സന്‍ സ്വിമ്മിംങ്ങ് അക്കാദമിയില്‍നിന്നും നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും എസ്എഫ്‌ഐ പ്രവര്‍ത്തകരുമുള്‍പ്പെടെ നൂറ്റന്‍പതോളം പേരാണ് ജലശൃംഖലയില്‍ കണ്ണികളായത്. കണ്ണൂര്‍ കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ ചാലാട് സ്വദേശി ഫൈസലിന്റെ നാലുവയസുള്ള മകള്‍ ഫൈഹ ശൃംഖലയിലെ ആദ്യകണ്ണിയായി.

തുടര്‍ന്ന് ചാള്‍സണ്‍ സ്വിമ്മിംങ്ങ് അക്കാഡമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ സ്വദേശി നര്‍പത്ത് സിംങ്ങും കണ്ണൂര്‍ ചാലാട് സ്വദേശി പര്‍ഹാനും കയ്യും കാലുകളും കെട്ടി പുഴ നീന്തിക്കടന്നത് കാണികള്‍ക്കും കൗതുകമായി. നീന്തല്‍ അറിയാവുന്ന വനിതകളുള്‍പ്പെടെയുള്ളവര്‍ക്ക് പെരുമ്പ പുഴ നീന്തിക്കടക്കുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നല്‍കി.

Next Story

RELATED STORIES

Share it