Districts

അരീക്കോട് സംസ്ഥാന പാതയിലെ വെള്ളകെട്ട് ഗതാഗതക്കുരുക്കിന് കാരണമാകുന്നു

അരീക്കോട് കൈപ്പ കുളം ഭാഗത്ത് ട്രെയിനേജും കള്‍വര്‍ട്ടും നിര്‍മ്മിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് സാങ്കേതിക തടസ്സം പറഞ്ഞ് നീട്ടികൊണ്ടു പോകുന്നത്.

അരീക്കോട് സംസ്ഥാന പാതയിലെ വെള്ളകെട്ട് ഗതാഗതക്കുരുക്കിന് കാരണമാകുന്നു
X

അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ പ്രധാന നിരത്തായ അരീക്കോട് കൈപ്പ കുളം ഭാഗത്ത് റോഡില്‍വെള്ളം കെട്ടി നില്‍ക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ടും പൊതുമരാമത്ത് വിഭാഗം അവഗണിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ നിരന്തരം പരാതിപ്പെട്ടിട്ടും അവഗണിക്കുന്നതിന് പിന്നില്‍ ചില കെട്ടിടമുടമകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഏറെ ഗതാഗത തിരക്കുള്ള അരീക്കോട് സംസ്ഥാന പാതയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ബസ് സര്‍വ്വീസ് നടത്തുന്ന പ്രധാന പാതയില്‍ വെള്ളം കെട്ടി നിന്ന് യാത്രാതടസം സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് വിവാദമായത്.

അരീക്കോട് കൈപ്പ കുളം ഭാഗത്ത് ട്രെയിനേജും കള്‍വര്‍ട്ടും നിര്‍മ്മിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് സാങ്കേതിക തടസ്സം പറഞ്ഞ് നീട്ടികൊണ്ടു പോകുന്നത്. പുത്തലം ഭാഗത്ത് ഉയര്‍ന്ന ഭാഗമായതിനാല്‍ മഴ പെയ്യുന്നതോടെ വെള്ളം ഒഴുകിയെത്തുന്നത് താഴെ റോഡിലേക്കാണ്. റോഡിന്റെ ഇരുഭാഗത്തും കെട്ടിടങ്ങള്‍ ഉയര്‍ന്നതിനാല്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിന് ഒഴുക്ക് തടസപ്പെട്ടിരിക്കയാണ്. ഈ ഭാഗത്ത് നിന്ന് വെള്ളം ഒഴുകി ചാലിയാര്‍ പുഴയിലേക്ക് പോയിരുന്ന തോട് ഉണ്ടായിരുന്നത് മണ്ണിട്ട് നികത്തിയതിന് ശേഷമാണ് സംസ്ഥാന പാതയില്‍ മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയത്.

റോഡ് മണ്ണിട്ട് ഉയര്‍ത്തുകയും ഇരുവശവും ട്രെയിനേജ് നിര്‍മിച്ച് കള്‍വര്‍ട്ടിലൂടെ കൈ തോടിലേക്ക് വെള്ളം ഒഴുക്കിവിട്ടാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയു. മുന്‍പ് റോഡിന് മുകള്‍ ഭാഗത്തായി ഉണ്ടായിരുന്ന കൈപ്പകുളത്തില്‍ നിന്ന് ഒഴുകി വരുന്ന വെള്ളം ചാലിയാറിലേക്ക് ഒഴുകി പോകാന്‍ ഉണ്ടായിരുന്ന വീതി കൂടിയ തോട് നികത്തുകയായിരുന്നു. പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ തോട് പുനര്‍നിര്‍മ്മിച്ച് വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഒരുക്കേണ്ടത് അടിയന്തിരമായി നിര്‍വ്വഹിക്കപ്പെട്ടാല്‍ മാത്രമാണ് ശാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളുവെന്ന് അരീക്കോട് റോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി സ്വകാര്യ വ്യക്തികള്‍ തോട്മണ്ണിട്ട് മൂടിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഓട്ടോ െ്രെഡവര്‍മാര്‍ ആരോപിച്ചു. അടിയന്തിര സര്‍വീസ് നടത്താന്‍ ഈ ഭാഗം തടസമായി നില്‍ക്കുന്നു നിലമ്പൂര്‍, വണ്ടൂര്‍, എടവണ്ണ ഭാഗങ്ങളില്‍ നിന്നുള്ള രോഗികളെയും കൊണ്ട് ആം ബുലന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കടന്നു പോകുന്ന പ്രധാന സംസ്ഥാന പാതയില്‍ വെള്ളം കെട്ടി നിന്ന് യാത്രാ തടസം സൃഷ്ടിക്കുന്നത് അടിയന്തിരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കുമെന്ന് അരീക്കോട് റോഡ് സുരക്ഷാ സമിതി ഭാരവാഹികളായ കെ എം സലിം പത്തനാപുരം, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ സി റഹിം പത്തനാപുരം,പി വി സഫീര്‍ അരീക്കോട്, പിടി ബഷീര്‍ കല്ലരട്ടിക്കല്‍ ,സമദ് കുനിയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it