News

കൊവിഡ് വ്യാപനം: പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രായോഗിക പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാണ്

കൊവിഡ് വ്യാപനം: പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കണമെന്ന്  ശാസ്ത്രസാഹിത്യ പരിഷത്ത്
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതീവ ഗുരുതരമായ രീതിയില്‍ തുടരുകയുകയും പരിശോധന സ്ഥിരീകരണ നിരക്ക് 22 ശതമാനത്തോളം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും എസ്എസ്എല്‍സി ഐടി പരീക്ഷയും മാറ്റിവെക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

സംസ്ഥാനം ഒരു അഗ്‌നി പര്‍വ്വതത്തിന് മുകളിലാണെന്ന് വിദഗ്ധര്‍ പറയുന്നു. അതിനിടയില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി എഴുത്തു പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തിയാവുകയാണ്. എന്നാല്‍ പ്രായോഗിക പരീക്ഷകള്‍ക്ക് തിയറി പരീക്ഷയ്ക്ക് വരുത്തിയ ക്രമീകരണങ്ങള്‍ മതിയാവില്ല. രണ്ടിന്റേയും രീതി തികച്ചും വ്യത്യസ്തമാണ്. തിയറി പരീക്ഷയില്‍ ശാരീരിക അകലം, സ്വന്തം ഉപകരണങ്ങള്‍ എന്നിവ ഉറപ്പാക്കാനാകുമെങ്കിലും പ്രാക്ടികല്‍ പരീക്ഷയില്‍ അത് അത്രത്തോളം കഴിയില്ല. കുട്ടികള്‍ക്ക് പരസ്പരം ഉപകരണങ്ങള്‍ കൈമാറേണ്ടിവരും.

ശാസ്ത്രവിഷയം പഠിക്കുന്ന ഒരു കുട്ടി അഞ്ച് തവണ വിദ്യാലയത്തില്‍ എത്തി പരീക്ഷയില്‍ പങ്കെടുക്കണം. ഇത്തവണ ഗണിതത്തിനും പ്രാക്ടിക്കല്‍ പരീക്ഷയുണ്ട്. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ കുട്ടികളും രണ്ടോ മൂന്നോ തവണ പരീക്ഷയ്ക്കായി എത്തേണ്ടിവരും. ഒരു ദിവസം രണ്ടും മൂന്നും ബാച്ച് ആയാണ് പരീക്ഷ നടത്തുക. രസതന്ത്രം, ജീവശാസ്ത്രം പോലുള്ള പരീക്ഷകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൈ ഉപയോഗിച്ചും വായ് ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കേണ്ടവയാണ്. പിപ്പറ്റ്, ബ്യൂററ്റ് പോലുള്ള ഉപകരണങ്ങള്‍ ഓരോ തവണയും സാനിറ്റൈസ് ചെയ്ത ഉപയോഗിക്കുന്നതിലും പരിമിതികളുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന പരീക്ഷകളില്‍ മൗസ്, കീബോര്‍ഡ് എന്നിവ ശുചിയാക്കുന്നതിലും ഇതേ പ്രശ്‌നമുണ്ട്. മാത്രമല്ല പരീക്ഷാ നടത്തിപ്പുകാരായ അധ്യാപകര്‍ കുട്ടിയുടെ സമീപത്ത് ചെന്ന് നിര്‍ദ്ദേശം നല്‍കേണ്ട സാഹചര്യവും ഉപകരണങ്ങളില്‍ സ്പര്‍ശിക്കേണ്ട സ്ഥിതിയുമുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രായോഗിക പരീക്ഷ നടത്തുന്നതില്‍ വലിയ പ്രയാസമുണ്ട് എന്നത് വ്യക്തമാണ്.

ഇതേ സ്ഥിതിയാണ് എസ്എസ്എല്‍സി ഐടി പരീക്ഷയ്ക്കുമുള്ളത്. മാത്രമല്ല രാജ്യത്തെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുകയാണ്. അവ നടന്നതിനു ശേഷം മാത്രമല്ലേ അഖിലേന്ത്യാ തലത്തിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുകയുള്ളൂ. എത്രയും വേഗം പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തേണ്ട അടിയന്തിര സാഹചര്യം ഇപ്പോഴില്ല. തിയറി പരീക്ഷകള്‍ പൂര്‍ത്തിയാക്കി മൂല്യനിര്‍ണയം നടത്തുകയും കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷകള്‍ നടത്തി ഫലപ്രഖ്യാപനം നടത്തുകയും ചെയ്യുക എന്നതാണ് ഈ അവസരത്തില്‍ അഭികാമ്യം. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 28 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകളും മെയ് 5 മുതല്‍ തുടങ്ങാന്‍ നിശ്ചയിച്ചിട്ടുള്ള എസ്എസ്എല്‍സി ഐടി പരീക്ഷയും മാറ്റിവെക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.



Next Story

RELATED STORIES

Share it