ഒളികാമറ വിവാദം: എം കെ രാഘവന്റെ മൊഴിയെടുത്തു

ഒളികാമറ വിവാദം: എം കെ രാഘവന്റെ മൊഴിയെടുത്തു

കോഴിക്കോട്: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം യുഡിഎഫ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം കെ രാഘവനില്‍നിന്ന് മൊഴിയെടുത്തു. രാഘവന് എതിരേ സിപിഎം നല്‍കിയ പരാതിയിലും സിപിഎം ഗുഢാലോചന ആരോപിച്ച് രാഘവന്‍ നല്‍കിയ പരാതിയിലുമാണ് മൊഴിയെടുപ്പ്. ഇന്ന് (തിങ്കളാഴ്ച) രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നാലു പേരടങ്ങുന്ന സംഘമാണ് മൊഴിയെടുത്തത്. ഡിസിപി പി വാഹിദിനാണ് അന്വേഷണച്ചുമതല.

വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് രാഘവന്‍ സിറ്റി പോലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മൊഴി രേഖപ്പെടുത്തിയശേഷമേ തുടര്‍നടപടികളിലേക്കു കടക്കൂ. ചാനല്‍ മേധാവിയില്‍നിന്നും റിപ്പോര്‍ട്ടറില്‍നിന്നും മൊഴിയെടുക്കും. ചാനല്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരുന്നു.

ഹിന്ദി ചാനലായ ടിവിനൗ ആണ് എംകെ രാഘവനെതിരായി ഒളി കാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സിങ്കപ്പൂര്‍ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ എം കെ രാഘവന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

RELATED STORIES

Share it
Top