Kerala News

വയനാടും 'പുപ്പുലി'യും കുറേ 'എലി മുരുകന്‍'മാരും..!

വയനാടും പുപ്പുലിയും കുറേ എലി മുരുകന്‍മാരും..!
X

പി സി അബ്ദുല്ല

പുലിപ്പേടിയിലാണ് കുറേ നാളായി വയനാടന്‍ ഗ്രാമങ്ങള്‍. കാട്ടിനുള്ളില്‍ മാത്രമല്ല, വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ പോലും സാക്ഷാല്‍ പുലി പതുങ്ങുന്ന ആസുര കാലം!. വയനാട്ടുകാര്‍ പുലിപ്പേടിയില്‍ അങ്ങനെ ഉറക്കമിളച്ചിരിക്കുമ്പോഴാണ്, തിരഞ്ഞെടുപ്പ് കാഹളമുയര്‍ന്നത്. മനുഷ്യരേയും വളര്‍ത്തു മൃഗങ്ങളേയുമൊക്കെ പച്ചയ്ക്ക് കടിച്ചു കീറുന്ന കടുവകളേയും പുലികളേയും പിടിച്ച് കൂട്ടിലടച്ചില്ലെങ്കില്‍ വോട്ടു ചെയ്യുന്നകാര്യം ആലോചിക്കേണ്ടി വരുമെന്ന് വയനാടന്‍ ഗ്രാമവാസികള്‍ ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ പ്രതിജ്ഞയുമെടുത്തു തുടങ്ങിയിരുന്നു. പുലിക്കെണിയും പുലി മുരുകന്‍മാരുമൊക്കെയായി വനപാലകര്‍ റോന്ത് ചുറ്റുന്നതിനിടെയാണ് വയനാട്ടില്‍ ഒരു 'പുപ്പുലി' തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതായി വാര്‍ത്ത പരന്നത്.


രാഹുല്‍ ഗാന്ധിയെന്ന 'ഭാവി പ്രധാനമന്ത്രി' മല്‍സരിക്കാനെത്തുന്നുവെന്ന് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് മുതലാളിമാര്‍ ചാനലുകാരെ വിളിച്ചു കൂട്ടി പൂതി പറഞ്ഞതോടെ, ഓണം കേറാ മൂലയെന്ന് രാഷ്ട്രീയക്കാര്‍ തന്നെ പറഞ്ഞു നടന്ന വയനാട് ഇരുട്ടി വെളുക്കും മുമ്പേ താര മണ്ഡലമായി മാറുകയും ചെയ്തു. തിരഞ്ഞെടുപ്പങ്കത്തില്‍ ചാവേറാവാന്‍ ഇടതു മുന്നണി പതിവായി സിപിഐക്ക് കനിഞ്ഞു നല്‍കുന്ന സീറ്റാണ് വയനാട്. പാര്‍ട്ടി നാലാം സ്ഥാനത്തെത്തുമെന്നുറപ്പില്ലാത്ത മണ്ഡലങ്ങള്‍ക്കു പോലും ബിജെപിയില്‍ ഇക്കുറി പിടി വലിയായിരുന്നു. പക്ഷേ, ബിജെപിക്കു വേണ്ടി വയനാട്ടിലാരും ചാവേറാവാന്‍ സ്വയം അവകാശവാദമുന്നയിക്കാത്തതിനാല്‍ ശ്രീധരന്‍ പിള്ള യാതൊരു വൈമനസ്യവുമില്ലാതെയാണ് വയനാട് ബിഡിജെഎസിനു നല്‍കിയത്.


എന്നാല്‍, രാഹുല്‍ വയനാട്ടിലെത്തുന്നുവെന്ന് വാര്‍ത്ത പരന്നതോടെ കഥയാകെ മാറി.താളാണു കറിയെങ്കില്‍ ഉണ്ണാമെന്ന പോലെ, രാഹുലാണ് വയനാട്ടിലെങ്കില്‍ മല്‍സരിക്കണമെന്നാണ് ഇപ്പോള്‍ ബിജെപിയുടെ മോഹമത്രെ. അമേത്തിയില്‍ നിന്ന് സ്മൃതി ഇറാനിയെ വരെ വയനാട്ടിലെത്തിക്കാനാണ് നീക്കമത്രെ.

ആരോമല്‍ ചേകവരാണ് അങ്കത്തിനെങ്കില്‍ അരിങ്ങോടരില്‍ കുറഞ്ഞ ആരും പാടില്ലെന്നാണല്ലോ. അതിനാല്‍, രാഹുലാണ് എതിരാളിയെങ്കില്‍, തുഷാര്‍ വെള്ളാപ്പള്ളിയെന്ന 'ഒത്ത എതിരാളി' തന്നെ വയനാടങ്കത്തിന് കച്ച കെട്ടുമെന്നും ചില മാധ്യമ പാണന്‍മാര്‍ പാടി നടക്കുന്നുമുണ്ട്.സംഗതിയൊക്കെ കൊള്ളാം. സ്മൃതി ഇറാനിയെ ഇറക്കാം. തുഷാറിന് തിമര്‍ക്കാം. പക്ഷേ, രാഹുലിനെ തോല്‍പിക്കാന്‍ വോട്ടു കൂടെ അമേത്തിയില്‍ നിന്നോ കണിച്ചു കുളങ്ങരയില്‍ നിന്നോ കൊണ്ടു വരുമോ എന്നതാണ് ദോഷൈകദൃക്കുകള്‍ ബാക്കിയാക്കുന്ന ചോദ്യം..!

(വാല്‍ക്കഷണം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണിച്ചുകുളങ്ങര മൊതലാളിയും ഭാര്യയും ഹെലികോപ്റ്ററെടുത്ത് പ്രചാരണത്തിനു വന്നിട്ടും സുല്‍ത്താന്‍ ബത്തേരിയില്‍ സികെ ജാനുവിന് ലഭിച്ചത് 27920വോട്ട് മാത്രം. അതോടെ ജാനു എന്‍ഡിഎ തന്നെ വിട്ടു.)Next Story

RELATED STORIES

Share it