Top

വീറേറും ഇക്കുറി; വടകര വോട്ടങ്കത്തിന്

വീറേറും ഇക്കുറി;  വടകര വോട്ടങ്കത്തിന്
X

പി സി അബ്ദുല്ല

വടകര: കറകളഞ്ഞ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും അരങ്ങുവാണ കടത്തനാടിന്റെ ആസ്ഥാന മണ്ഡലം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പക്ഷെ, കാഴ്ചകള്‍ വേറെയാണ്. കുലംകുത്തികളെന്ന് അധിക്ഷേപിക്കപ്പെട്ടവരാല്‍ കടത്തനാടന്‍ ലോക്‌സഭാ ഹൃദയഭൂമിയില്‍ രണ്ടുവട്ടം തുടര്‍ച്ചയായി മാര്‍ക്‌സിസ്റ്റ് ചെങ്കൊടി പിഴുതെറിയപ്പെട്ടു. ലോക്‌സഭയിലേക്കുള്ള പതിനേഴാമത് അങ്കത്തിനായി കച്ച മുറുകുമ്പോഴും പ്രവചനങ്ങള്‍ക്കു വഴങ്ങുന്നതല്ല വടകരയില്‍ കാര്യങ്ങള്‍.

രണ്ടാം ലോകസഭയില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഡോ. കെ ബി മേനോനില്‍ ആരംഭിച്ചു വടകരയുടെ പ്രാതിനിധ്യം. മൂന്നാംസഭയില്‍ സ്വതന്ത്രനായി എ വി രാഘവന്‍. അടുത്ത വിജയി അരങ്ങില്‍ ശ്രീധരന്‍. അഞ്ചാം ലോക്‌സഭ മുതല്‍പത്താം ലോക്‌സഭവരെ കെ പി ഉണ്ണികൃഷ്ണന്റെ ജൈത്രയാത്ര. പതിനൊന്നാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഒ ഭരതന്‍ (സിപിഎം).

അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് സിപിഎമ്മിലെ തന്നെ എ കെ പ്രേമജം. പതിനാലാം ലോക്‌സഭയില്‍ പി സതീദേവിയുടെ വിജയത്തോടെ വടകരയില്‍ സിപിഎമ്മിന്റെ വിജയയാത്രയ്ക്ക് അര്‍ദ്ധ വിരാമം. 2009ല്‍ ടിപി ചന്ദ്രശേഖരന്‍ സിപിഎം വിട്ട് റവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) എന്ന പുതിയ പാര്‍ട്ടിക്കു രൂപം നല്‍കിയതോടെ കടത്തനാടന്‍ മണ്ണില്‍ സിപിഎം കിതച്ചു തുടങ്ങി. ആ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിപി മല്‍സരിച്ചു. ''കുലംകുത്തി''യുടെ പെട്ടിയില്‍ വീണത് കാല്‍ലക്ഷം വോട്ടുകള്‍. 2012മെയ് നാലിന് ടിപി കൊല്ലപ്പെട്ടു.

2009ല്‍ 56,186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയത് അട്ടിമറി വിജയം. എന്നാല്‍, ഭൂരിപക്ഷം 2014ല്‍ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം 3,360 വോട്ടായി കുറഞ്ഞു.ഇത്തവണ പി ജയരാജന്‍ (സിപിഎം) എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്നതോടെ വടകര മണ്ഡലം വാര്‍ത്താ പ്രാധാന്യത്തിന്റെ നെറുകയിലാണ്. 2009ല്‍ വടകരയില്‍ പരാജയപ്പെട്ട പി സതീദേവിയുടെ സഹോദരനാണ് പി ജയരാജന്‍. സതീദേവിയുടെ തോല്‍വിയും അതു വഴിയുള്ള പി ജയരാജന്റെ ഗൂഢാലോചനയുമാണ് ടിപി വധത്തിനു പിന്നിലെന്ന ആര്‍എംപിയുടെ ആരോപണങ്ങള്‍ അവഗണിച്ചാണ് വടകരയില്‍ സിപിഎം ജയരാജനെ രംഗത്തിറക്കിയിരിക്കുന്നത്.

ജയരാജനെ വാഴ്ത്താനാണോ വീഴ്ത്താനാണോ പാര്‍ട്ടി വടകരയിലെത്തിച്ചതെന്ന ചര്‍ച്ചകള്‍ വെറെ തലങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും ജയരാജന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനും പ്രത്യേകിച്ച് ആര്‍എംപിക്കും വലിയ വെല്ലുവിളിതന്നെയാണ്. അതുകൊണ്ടു തന്നെ കരുതലോടെയാണ് ഇരു ക്യാംപുകളുടേയും നീക്കം. ജയരാജനെതിരേ ടിപിയുടെ വിധവ കെകെ രമയെ പൊതു സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കളാണ് നടക്കുന്നത്. എന്നാല്‍, സ്വന്തം സ്ഥാനാര്‍ഥിയെ തനിച്ചു നിര്‍ത്തിയുള്ള അടവുനയ ശ്രമങ്ങളും ആര്‍എംപിയില്‍ നടക്കുന്നുണ്ട്. നിയമസഭയിലേക്ക് രമയെ പൊതുസ്ഥാനാര്‍ഥിയാക്കാമെന്ന ധാരണയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലേതു പോലെ യുഡിഎഫിനെ സഹായിക്കാനുള്ള നിര്‍ദേശങ്ങളും ആര്‍എംപിയുടെ പരിഗണനയിലാണ്. കേഡര്‍ വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സമാഹരിക്കുകയും അനുഭാവ വോട്ടുകള്‍ സിപിഎമ്മിനെതിരേ മറിക്കുകയുമാണ് ആ തന്ത്രം.

വടകരയില്‍ നിര്‍ണായക ഘടകമാണ് എസ്ഡിപിഐ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നേടിയ 15,050 വോട്ടുകളാണ് ഇടതു സ്ഥാനാര്‍ഥിയുടെ പരാജയത്തിനും ഒപ്പം മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയാനും ഇടയാക്കിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരിയാണ് ഇത്തവണ വടകരയില്‍ മല്‍സരിക്കുന്നത്. മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തങ്ങളില്‍ എസ്ഡിപിഐ ഇതിനകം ബഹുദൂരം മുമ്പിലാണ്. എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ എല്‍ഡിഎഫിനൊപ്പമെത്തിയത് ഇടതിന് നേട്ടമാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. എന്നാല്‍, എല്‍ജെഡി ജില്ലാ ഘടകം ഇടതു മുന്നണിയോട് ഇടഞ്ഞാണു നില്‍കുന്നത്.

കൂത്തുപറമ്പ്, തലശ്ശേരി, വടകര, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റിയാടി, എന്നീ 7 അസംബ്ലി മണ്ഡലങ്ങളില്‍ കുറ്റിയാടി മാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം നിന്നത്. കുറ്റിയാടിയില്‍ യുഡിഎഫ് ജയിച്ചത് 1,157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. വടകരയില്‍ കാര്യമായ സ്വാധീനമില്ലാത്ത ബിജെപി വോട്ട് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ഇത്തവണയും നടത്തുന്നത്.


2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്

മുല്ലപ്പള്ളി രാമചന്ദ്രന്‍ (യുഡിഎഫ്) –4,16,479

എഎന്‍ ഷംസീര്‍ (എല്‍ഡിഎഫ്) - 4,13,173

വികെ സജീവന്‍ (ബിജെപി) - 76,313

പി അബ്ദുല്‍ ഹമീദ് (എസ്ഡിപിഐ) 15,050Next Story

RELATED STORIES

Share it