Pathanamthitta

കനത്ത പോളിങ്; പത്തനംതിട്ടയിൽ മുന്നണികൾ ആശങ്കയിൽ

മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനം പോളിങ് ഉയർന്നത് ആർക്ക് അനുകൂലമാവുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്കെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിൽ പ്രതീക്ഷയിപ്പിച്ച് ഫലമെത്താൻ കാത്തിരിക്കുകയാണ് എൽഡിഎഫും യുഡിഎഫും.

കനത്ത പോളിങ്; പത്തനംതിട്ടയിൽ മുന്നണികൾ ആശങ്കയിൽ
X

പത്തനംതിട്ട: ത്രികോണ മൽസരം നടന്ന പത്തനംതിട്ടയിൽ കനത്ത പോളിങ് രേഖപ്പെടുത്തിയതോടെ മുന്നണികൾ ആശങ്കയിൽ. പോളിങ് വർധിച്ചതിന്റെ അവകാശവാദവുമായി മൂന്നു മുന്നണികളും രംഗത്തുവന്നതോടെ പ്രവചനം അസാധ്യമായി. ശബരിമല വിഷയം ഉയർത്തിക്കാട്ടിയ ബിജെപി വോട്ടിങ് ശതമാനം ഉയർത്തുകയും യുഡിഎഫ് വലിയ ഭൂരിപക്ഷമില്ലാതെ ജയിച്ചു കയറുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

സീറ്റ് വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്നാണ് യുഡിഎഫ് വാദിക്കുന്നത്. എന്നാൽ, ക്രൈസ്തവ വോട്ടുകൾ ഭിന്നിച്ചത് എൽഡിഎഫിന് അനുകൂലമായതായി സിപിഎം വിലയിരുത്തുന്നു. ശബരിമലയുടെ പേരിൽ ഹിന്ദു വോട്ടുകൾ ഏകീകരിച്ചതായും ഇതാണ് പോളിങ് ഉയർന്നതിനു കാരണമെന്ന് എൻഡിഎ അവകാശപ്പെടുന്നത്.

13 ലക്ഷം വോട്ടർമാരുള്ള പത്തനംതിട്ട മണ്ഡലത്തിൽ ചരിത്രത്തിൽ ആദ്യമായാണ് പോളിങ് പത്തുലക്ഷം കടക്കുന്നത്. 2014ൽ 66 ശതമാനം പോളിങ് നടന്നപ്പോൾ ഇക്കുറിയത് 74.19 ശതമാനമായി ഉയർന്നു. സ്ത്രീ വോട്ടർമാർ ഇക്കുറി കൂടുതലായി പോളിങിനെത്തി. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, അടൂർ, കോന്നി നിയമസഭാ മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം വൻതോതിൽ ഉയർന്നു.

ശക്തമായ ത്രികോണ മൽസരം നടന്ന പത്തനംതിട്ടയിലെ പ്രചരണ രംഗത്തെ ആവേശം വോട്ടെടുപ്പിലും പ്രതിഫലിച്ചുവെന്നതിൽ സംശയമില്ല. വിജയം പ്രവചനാതീതമായ പത്തനംതിട്ട മണ്ഡലത്തിൽ മൂന്നു മുന്നണികളും പ്രചരണ രംഗത്ത് ഒപ്പത്തിനൊപ്പമായിരുന്നു. ശബരിമലയായിരുന്നു ആദ്യം മുതൽ അവസാനം വരെ വൈകാരികമായി ചർച്ച ചെയ്യപ്പെട്ട വിഷയം. വികസനം, പ്രളയം, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം എന്നിവ ദേശീയ രാഷ്ട്രീയത്തോടൊപ്പം ചർച്ച ചെയ്യപ്പെട്ടു. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനം പോളിങ് ഉയർന്നത് ആർക്ക് അനുകൂലമാവുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്കെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിൽ പ്രതീക്ഷയിപ്പിച്ച് ഫലമെത്താൻ കാത്തിരിക്കുകയാണ് എൽഡിഎഫും യു ഡി എഫും.

Next Story

RELATED STORIES

Share it