കനിമൊഴിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; ബിജെപി പക വീട്ടുന്നുവെന്ന് ഡിഎംകെ

'ബിജെപിയുടെ സംസ്ഥാനപ്രസിഡന്റും കനിമൊഴിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര്‍ രാജന്‍ നിരവധി കോടി രൂപ സ്വന്തം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്ഡുകള്‍ നടത്തുന്നില്ല?' ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിന്‍ ചോദിച്ചു.

കനിമൊഴിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്;  ബിജെപി പക വീട്ടുന്നുവെന്ന് ഡിഎംകെ

തൂത്തുക്കുടി: ഡിഎംകെ തൂത്തുകുടി സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ തൂത്തുകുടിയിലെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലയിംഗ് സ്‌ക്വാഡും ആദായനികുതി വകുപ്പിന്റെ പത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടര്‍ന്നാണ് റെയ്‌ഡെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. സാധാരണ നടപടിക്രമമെന്ന് പറഞ്ഞ് ഏതാണ്ട് എട്ടേമുക്കാലോടെയാണ് ഒരു സംഘം ഉദ്യോഗസ്ഥര്‍ കനിമൊഴിയുടെ വീട്ടിലെത്തിയത്.

കണക്കില്‍പ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാര്‍ത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണില്‍ നിന്ന് പിടിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി മണിക്കൂറുകള്‍ക്കകമാണ് ഡിഎംകെയുടെ ദേശീയ മുഖമായ കനിമൊഴിയുടെ വീട്ടിലും റെയ്ഡുകള്‍ നടക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റെയ്ഡുകള്‍ രാഷ്ട്രീയപകപോക്കലാണെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. ആദായ നികുതി വകുപ്പിനെ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. ബിജെപി നേതാക്കളുടേയോ സഖ്യകക്ഷി നേതാക്കളുടേയും വീടുകളില്‍ ഇത്തരത്തില്‍ റെയ്ഡ് നടക്കുന്നില്ല. 'ബിജെപിയുടെ സംസ്ഥാനപ്രസിഡന്റും കനിമൊഴിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര്‍ രാജന്‍ നിരവധി കോടി രൂപ സ്വന്തം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്ഡുകള്‍ നടത്തുന്നില്ല?' ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിന്‍ ചോദിച്ചു.

ഏപ്രില്‍ 18നാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ്. പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ തൊട്ടുമുന്‍പ് തന്നെ നടത്തിയ റെയ്ഡുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന ആരോപണം വ്യാപകമായിരിക്കുകയാണ്.
APH

APH

Our Contributor help bring you the latest article around you


RELATED STORIES

Share it
Top