Top

രാഹുല്‍ എന്തേ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മല്‍സരിക്കുന്നില്ല: മോദി

ഭഗവാന്റെ പേര് പോലും പറയാന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല. ഭഗവാന്റെ പേര് പറയുന്നവര്‍ ജയിലിലാവുന്നു. എന്നാല്‍ ബിജെപി വിശ്വാസങ്ങളുടെ കാവല്‍ക്കാരനായി എന്നും നിലകൊള്ളും.

രാഹുല്‍ എന്തേ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മല്‍സരിക്കുന്നില്ല: മോദി
X

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം. അവസരവാദനിലപാടാണ് ഇരു പാര്‍ട്ടികളും സ്വീകരിക്കുന്നത്. കേരളത്തില്‍ പരസ്പരം തല്ലുകൂടുന്നവര്‍ ഡല്‍ഹിയില്‍ തോളില്‍ കൈയിട്ടു നടക്കുകയാണ്. അക്രമരാഷ്ടീയത്തിലൂടെ കുഞ്ഞുങ്ങളെ അനാഥമാക്കുന്ന സിപിഎം രാഷ്ട്രീയം കേരളത്തിന്റെ സംസ്‌കാരമല്ല. ബിജെപിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പ്രര്‍ത്തകരുടെ സ്വപ്നം പൂര്‍ത്തീകരിക്കണം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഴുവന്‍ വികസനത്തിലേക്ക് പോവുമ്പോള്‍ കേരളത്തെ കോണ്‍ഗ്രസ്, കമ്യുണിസ്റ്റ് സര്‍ക്കാറുകള്‍ പിന്നോട്ടടിക്കുകയാണ്. ഇതില്‍ നിന്ന് മോചനം വേണം. നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എതിര്‍പ്പും തിരഞ്ഞെടുപ്പും വേണ്ടത്. ബിജെപി മുന്നോട്ടുവയ്ക്കുന്ന നയങ്ങളല്ല കോണ്‍ഗ്രസിന്റേത്. കുടുംബാധിപത്യത്തിലുള്ള സര്‍ക്കാറും ദേശസ്‌നേഹമുള്ള സര്‍ക്കാറും തമ്മിലുള്ള വ്യത്യാസം ജനം തിരിച്ചറിയണം. വയനാട്ടില്‍ മല്‍സരിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത് ദക്ഷിണേന്ത്യക്ക് സന്ദേശം നല്‍കാനാണെന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ എന്തുകൊണ്ട് സന്ദേശം നല്‍കിയില്ല. അമേത്തിയിലെ എംപി നടപ്പാക്കിയ വികസനം ജനം തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് വയനാട്ടില്‍ വരേണ്ടിവന്നത്. ഇവിടെയും അമേത്തി മോഡല്‍ വികസനം നടപ്പാക്കും. ഇവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന പാര്‍ട്ടികളോ സര്‍ക്കാറുകളോ അല്ല കോണ്‍ഗ്രസും കമ്യുണിസ്റ്റുകളും. പകരം അവര്‍ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാര്‍ ശ്രമിക്കുന്നു. ഭഗവാന്റെ പേര് പോലും പറയാന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല. ഭഗവാന്റെ പേര് പറയുന്നവര്‍ ജയിലിലാവുന്നു. എന്നാല്‍ ബിജെപി വിശ്വാസങ്ങളുടെ കാവല്‍ക്കാരനായി എന്നും നിലകൊള്ളും. വെറും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള പോരാട്ടം മാത്രമല്ല ഇത്. ഭാവി ഭാരതം വാര്‍ത്തെടുക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യയെ മികച്ച സാമ്പത്തിക ശക്തിയാക്കി മാറ്റേണ്ടതുണ്ട്. ഇന്ന് ഇന്ത്യ എല്ലാ രംഗത്തും മുന്നിലാണ്. ബഹിരാകാശത്ത് നിന്നുള്ള ഭീഷണി വരെ നേരിടാന്‍ ഇന്ത്യക്ക് കഴിവുണ്ട്. നമ്മുടെ ശാസ്തജ്ഞര്‍ക്ക് ഇതിനുള്ള കഴിവുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അതിന് ധൈര്യം കാണിച്ചില്ല. ബിജെപി സര്‍ക്കാര്‍ ഇത് ധൈര്യത്തോടെ ചെയ്തു. 2014 മുതല്‍ തിരുവനന്തപുരം ബിജെപിയെ പിന്തുണക്കുന്നു. ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍, ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പ്രചരണാര്‍ത്ഥം എത്തിയ മോദി ഇന്നലെ രാത്രി തന്നെ ആന്ധ്രയിലേക്ക് മടങ്ങി.
Next Story

RELATED STORIES

Share it