Loksabha Election 2019

കണ്ണൂര്‍ മണ്ഡലത്തിലെ 35 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും

ചാല ചിന്‍മയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് വോട്ടെണ്ണല്‍ കേന്ദ്രം

കണ്ണൂര്‍ മണ്ഡലത്തിലെ 35 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും
X

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ചാല ചിന്‍മയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് വോട്ടെണ്ണല്‍ കേന്ദ്രം. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 35 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുക. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് വ്യവസ്ഥ. നറുക്കെടുത്താണ് ഈ ബൂത്തുകള്‍ ഏതൊക്കെയെന്ന് നിശ്ചയിക്കുക. വിവിപാറ്റ് എണ്ണാനായി അസി. റിട്ടേണിങ് ഓഫിസറുടെ ടേബിളിന് സമീപം പ്രത്യേക കൗണ്ടിങ് ടേബിള്‍ സജ്ജീകരിക്കും. ബാങ്ക് കാഷ്‌കൗണ്ടര്‍ മാതൃകയില്‍ ഉയരത്തില്‍ പ്രത്യേകമായി വേര്‍തിരിച്ചായിരിക്കും ഈ ടേബിള്‍.

വിവിപാറ്റ് സ്ലിപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ പുറത്തെടുത്ത് വേര്‍തിരിച്ച ശേഷമായിരിക്കും എണ്ണുക. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നോട്ടയ്ക്കും പുറമെ ട്രയല്‍ വോട്ടിന്റെ സ്ലിപ്പിനായും പ്രത്യേക ട്രേയുണ്ടാവും. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ വേര്‍തിരിച്ച ശേഷം 25 എണ്ണം വീതമുള്ള കെട്ടുകളായി മാറ്റും. ഇതിനുശേഷമാണ് എണ്ണുക. ട്രയല്‍ വോട്ട് ചെയ്ത സ്ലിപ്പുകളില്‍ നോട്ട് കൗണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇവ പ്രത്യേകമായി മാറ്റിയിടും. എണ്ണിക്കഴിഞ്ഞാല്‍ ഇവ തിരിച്ച് വിവിപാറ്റ് പെട്ടിയില്‍ തന്നെ ഇട്ട് സീല്‍ ചെയ്യും.

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണലിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിക്കുക. വോട്ടെണ്ണലിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇതിനകം ആരംഭിച്ചു. അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍(ഇലക്്ഷന്‍) എ കെ രമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍, നോഡല്‍ ഓഫിസര്‍മാര്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it