Loksabha Election 2019

ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചു; ബംഗാളില്‍ രാഹുലിന്റെ പരിപാടി റദ്ദാക്കി

അനുമതി നിഷേധിച്ചതിനാല്‍ പരിപാടി റദ്ദാക്കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡാര്‍ജിലിങ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ ശങ്കര്‍ മലാകര്‍ പറഞ്ഞു

ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചു; ബംഗാളില്‍ രാഹുലിന്റെ പരിപാടി റദ്ദാക്കി
X
കൊല്‍ക്കത്ത: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിന് ബംഗാളില്‍ ഇറങ്ങാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കി. ഞായറാഴ്ച സിലിഗുഡിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി എത്തേണ്ടിയിരുന്നത്. ഇതിനുവേണ്ടി ഹെലികോപ്റ്റര്‍ ഇറക്കാന്‍ കോണ്‍ഗ്രസ് അനുമതി തേടിയപ്പോള്‍ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലെല്ലാം കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മമതാബാനര്‍ജി രണ്ടാഴ്ചമുന്‍പ് ബംഗാളിലെ റാലിയില്‍ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മമത മുമ്പ് എന്‍ഡിഎയുടെ സഖ്യകക്ഷിയായെന്നു പറഞ്ഞാണ് രാഹുല്‍ ഇതിനെ തിരിച്ചടിച്ചത്. ഇത്തരത്തില്‍ വാക്‌പോര് തുടരുന്നതിനിടെയാണ് രാഹുലിന്റെ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതിനാല്‍ പരിപാടി റദ്ദാക്കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡാര്‍ജിലിങ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ ശങ്കര്‍ മലാകര്‍ പറഞ്ഞു. അനുമതി നിഷേധിച്ച കാര്യം സിലിഗുരി പോലിസ് കമ്മീഷണര്‍ ബി എല്‍ മീണയും സ്ഥിരീകരിച്ചു.

നേരത്തേ ഇക്കഴിഞ്ഞ ജനുവരിയില്‍ റാലികളില്‍ പങ്കെടുക്കാനായി ബംഗാളിലെത്തിയ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഹെലികോപ്റ്ററുകള്‍ ഇറക്കുന്നതിനു മമത അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും റോഡ് മാര്‍ഗമാണ് ബംഗാളിലെത്തിയത്.

Next Story

RELATED STORIES

Share it