Health

നിപ പടരില്ല; വന്ന പോലെ പോവും !

98 മുതല്‍ 2008 വരെ ലോകത്തെമ്പാടും നിപ ബാധിച്ചത് വെറും 477 പേരില്‍. അതായത് 10 കൊല്ലത്തിനിടയ്ക്ക് 500ല്‍ താഴെ. ഇവിടെ ദിവസം 30,000 കൊവിഡ് വരുമ്പോഴാണ് നിപ അഞ്ഞൂറില്‍ താഴെ. അതും 10 കൊല്ലത്തില്‍. നിപയുടെ ആര്‍ ബേസിക്ക് റീപ്രൊഡക്ടീവ് റേറ്റ് അല്ലെങ്കില്‍ ആര്‍ 0.2 ചുറ്റുവട്ടമായിരുന്നു കഴിഞ്ഞ തവണ.

നിപ പടരില്ല; വന്ന പോലെ പോവും !
X

കോഴിക്കോട്: സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലും ആശങ്കയിലുമാണ് കേരളം. എന്നാല്‍, നിപ കൊവിഡ് പോലെയോ മറ്റൊരു വൈറല്‍ പനി പോലെയോ പടര്‍ന്നുപിടിക്കുന്ന ഒരു രോഗമല്ലെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമൂഹമാധ്യമ വിഭാഗം നാഷനല്‍ കോ-ഓഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു.

വളരെ ചുരുക്കം പേരെ ബാധിക്കുന്നതുകൊണ്ടുതന്നെ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാന്‍ സാധ്യതയുള്ള രോഗമാണ് നിപ. കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിപ നിസ്സാരം. മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും രോഗപ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടയെന്നര്‍ഥമില്ല. എന്നാല്‍, നിപയെ ഭയന്നോടരുതെന്ന് മാത്രം വിളിച്ചുപറയേണ്ടിവരുന്നു. നിപ വന്ന പോലെ പോവും- ഡോ.സുല്‍ഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നിപ്പ വന്ന പോലെ പോവും? എന്താ സംശയമുണ്ടോ?

സംശയമുണ്ടെങ്കില്‍ ഈ കണക്കുകളൊന്നു നോക്കണം. 98 മുതല്‍ 2008 വരെ ലോകത്തെമ്പാടും നിപ ബാധിച്ചത് വെറും 477 പേരില്‍. അതായത് 10 കൊല്ലത്തിനിടയ്ക്ക് 500ല്‍ താഴെ. ഇവിടെ ദിവസം 30,000 കൊവിഡ് വരുമ്പോഴാണ് നിപ അഞ്ഞൂറില്‍ താഴെ. അതും 10 കൊല്ലത്തില്‍. നിപയുടെ ആര്‍ ബേസിക്ക് റീപ്രൊഡക്ടീവ് റേറ്റ് അല്ലെങ്കില്‍ ആര്‍ 0.2 ചുറ്റുവട്ടമായിരുന്നു കഴിഞ്ഞ തവണ. കൊവിഡ് പോലെയോ മറ്റൊരു വൈറല്‍ പനിയെ പോലെയോ പടര്‍ന്നുപിടിക്കുന്ന ഒരു രോഗമല്ല നിപ. ഒരുപക്ഷേ സെല്‍ഫ് ലിമിറ്റിങ്ങ് എന്ന കടുത്ത വാക്ക് ഉപയോഗിക്കാമോയെന്നറിയില്ല. മുമ്പ് കേരളത്തില്‍ വന്നപ്പോഴും ഇത് അങ്ങനെ തന്നെയായിരുന്നു. അന്ന് കേരളത്തില്‍ പുതിയ രോഗമായതുകൊണ്ടുതന്നെ അത് കണ്ടുപിടിക്കാന്‍ പെട്ടെന്ന് കഴിഞ്ഞത് വലിയ നേട്ടമായി. സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍ അന്നൊരു ഷെര്‍ലക്‌ഹോംസായത് പെട്ടെന്ന് രോഗനിര്‍ണയം സാധ്യമാക്കി.


അതിനപ്പുറം നിപയില്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലയെന്നുള്ളതാണ് ശാസ്ത്രസത്യം. അന്ന് നിപ ബാധിച്ചത് വെറും 19 പേരില്‍ മാത്രം. മുന്‍കരുതലുകള്‍ എല്ലാം സൂക്ഷിച്ചാല്‍ പടര്‍ന്നുപിടിക്കാന്‍ വളരെ സാധ്യത കുറഞ്ഞ രോഗം. കൊവിഡ് 19 മിന്നല്‍വേഗത്തില്‍ പറക്കുമ്പോള്‍ നിപ ഒച്ചിന്റെ വേഗത്തില്‍ ഇഴയും.. പറഞ്ഞുവന്നത്, നിപ വന്ന പോലെ പോവും! അതാണ്. നിപ ഒരു സൂനോടിക് രോഗം. അതായത് മൃഗങ്ങളില്‍നിന്ന് പകരുന്ന രോഗം, പ്രധാനമായും വവ്വാലുകളില്‍നിന്നും. രോഗലക്ഷണങ്ങള്‍: ശക്തമായ പനി, ചുമ, ശ്വാസംമുട്ടല്‍, ശരീരവേദന, തലവേദന എന്നിവ. ഗുരുതരമായ ശ്വാസതടസ്സമുണ്ടാക്കുന്ന തരത്തില്‍ ശ്വാസകോശങ്ങളെ ബാധിക്കുപോഴും തലച്ചോറിനെ ബാധിക്കുമ്പോഴും മരണം സംഭവിക്കാം.

ഒരു വാക്‌സിന്‍ ലഭ്യമല്ല. ഒരുപക്ഷേ വാക്‌സിന്‍ ആവശ്യമുണ്ടോ എന്നുള്ളതാണ് ഏറ്റവും പ്രസക്തം. വളരെ ചുരുക്കം പേരെ ബാധിക്കുന്ന ഒരു അസുഖത്തിന് വാക്‌സിന്‍ പഠനങ്ങള്‍ കൂടുതല്‍ നടന്നിട്ടില്ല എന്നുള്ളത് സത്യം. എങ്ങനെ തടയാമെന്നുള്ളതാണല്ലോ ഏറ്റവും പ്രസക്തമായ ചോദ്യം. നിപ രോഗം ബാധിച്ച ആള്‍ക്കാരെ സംരക്ഷിക്കുന്നവരും രോഗചികില്‍സ നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരും പ്രത്യേകം കരുതല്‍ വേണം. വവ്വാലുകള്‍ കടിച്ച ഫലവര്‍ഗങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ. ഇതിലെ ഒരുപക്ഷേ ഭയപ്പെടുത്തുന്ന ഭാഗം നിപയുടെ മോര്‍ട്ടാലിറ്റി റേറ്റ് ആണ്.

ഏതാണ്ട് 40 മുതല്‍ 75 ശതമാനം വരെ. വളരെ ചുരുക്കം പേരെ ബാധിക്കുന്നതുകൊണ്ട് തന്നെ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാന്‍ സാധ്യതയുള്ള രോഗമാണ് നിപ. ഒരാളിലേക്ക് അണുബാധ ഉണ്ടായാല്‍ രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 14 ദിവസത്തോളമെടുക്കും. നമ്മുടെ കൊവിഡ് ഡെല്‍റ്റ വകഭേദത്തിന് ഇത് ഏതാണ്ട് മൂന്ന് ദിവസങ്ങള്‍. പറഞ്ഞുവന്നത് നിപ വന്ന പോലെ പോവും. മുമ്പും അങ്ങനെതന്നെ. കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിപ നിസ്സാരം. മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും രോഗപ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടയെന്നര്‍ഥമില്ല. എന്നാല്‍, നിപയെ ഭയന്നോടരുതെന്ന് മാത്രം വിളിച്ചുപറയേണ്ടിവരുന്നു. നിപ വന്ന പോലെ പോവും... ഉറപ്പായും.

ഡോ.സുല്‍ഫി നൂഹു

Next Story

RELATED STORIES

Share it