Latest News

തിരുവോണനാളില്‍ പിഎസ് സി ഓഫിസിനു മുന്നില്‍ പട്ടിണി സമരത്തിന് ആഹ്വാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

തിരുവോണനാളില്‍ പിഎസ് സി ഓഫിസിനു മുന്നില്‍ പട്ടിണി സമരത്തിന് ആഹ്വാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: കേരളത്തിലെ ചെറുപ്പക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. പകരം മറ്റൊരു റാങ്ക് ലിസ്റ്റ് നിലവില്‍ ഇല്ലാതിരിക്കുകയും മെയിന്‍ ലിസ്റ്റില്‍ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാനായി കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിച്ചാല്‍ നിരവധി ഒഴിവുകളില്‍ പകരം നിയമനം നടത്തണമെന്നിരിക്കെ ധാര്‍ഷ്ട്യം മാത്രമാണ് പിണറായി വിജയന്റെ മറുപടിയെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു

ചെറുപ്പക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാക്ക് പോലും പിഎസ്‌സി യുടേയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല പിഎസ്‌സിക്കെതിരെ പ്രതികരിക്കാന്‍ പാടില്ല, ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാന്‍ പാടില്ല എന്നൊക്കെ പറയാന്‍ കേരളം ഭരിക്കുന്നത് ഹിറ്റ്‌ലര്‍ ആണോയെന്നും പ്രിവന്റ്റീവ് ഓഫിസര്‍, ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ നാനൂറോളം ഒഴിവാണ് പ്രൊമോഷന്റെ പേരില്‍ കെട്ടിക്കിടക്കുന്നതും ഷാഫി പറമ്പില്‍ ചൂണ്ടികാട്ടി.

അനുവിന്റെ മരണത്തിനുത്തരവാദി പിണറായി വിജയനും, പി എസ്.സിയും ഗവണ്‍മെന്റുമാണ്. ഈ യുവജന വഞ്ചനയ്‌ക്കെതിരേ തിരുവോണനാളില്‍ പിഎസ്സി ഓഫിസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായ കെഎസ് ശബരിനാഥന്‍ , എന്‍എസ് നുസൂര്‍, എസ്എം ബാലു, പ്രേംരാജ്, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി എന്നിവര്‍ പട്ടിണി സമരം നടത്തുകയാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയെക്കാള്‍ ശമ്പളത്തില്‍ സ്വപ്ന സുരേഷിനെ ജോലിയില്‍ നിയമിച്ച ഈ ഗവണ്‍മെന്റ്, അനുവിനെ പോലെയുള്ള ചെറുപ്പക്കാരന് എന്തുകൊണ്ട് ജോലി നിഷേധിച്ചു എന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു. പാലത്തായിയിലെ പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിക്കാന്‍ പോലിസും സംവിധാനങ്ങളും കൂട്ടു നില്‍ക്കുമ്പോള്‍ അതിനെതിരേ ശബ്ദമുയര്‍ത്തേണ്ട ബാലാവകാശകമ്മീഷന്‍ മൗനം പാലിക്കുകയാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.

ബാലാവകാശ കമ്മീഷനെയും പിഎസ് സിയെയുമൊക്കെ എസ്എഫ്‌ഐയെ പോലെ പോഷക സംഘടനകളാക്കി മാറ്റാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. ശിവരഞ്ജിത്തിനും നസീമിനും എതിരെ ശരിയായ ഒരു കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ കഴിയാതെ അവരെ പുറത്തിറങ്ങി വിലസാന്‍ അനുവദിച്ച് പിഎസ്‌സിയെ പിണറായി സര്‍വീസ് കമ്മീഷനും പാര്‍ട്ടി സര്‍വീസ് കമ്മീഷനും ആക്കി മാറ്റിയെന്നും, യോഗ്യതയുള്ള ചെറുപ്പക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ട് യോഗ്യതയില്ലാത്ത സ്വപ്നസുരേഷ്മാരെയും മനോജ് മാരെയും പാര്‍ട്ടി അഫിലിയേഷന്‍ മാത്രം നോക്കി ലക്ഷങ്ങള്‍ ശമ്പളം കൊടുത്തു നിയമിച്ച് സ്വജനപക്ഷപാതത്തിനും ഏറ്റവും വലിയ അപ്പോസ്തലനായി പിണറായി വിജയന്‍ മാറിയിരിക്കുന്നുവെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

ചെങ്കൊടി പിടിക്കുന്നവര്‍ക്കും അവര്‍ക്ക് ഓശാന പാടുന്ന വര്‍ക്കും തൊഴില്‍ കൊടുക്കാന്‍ ഗവണ്‍മെന്റിന് കഴിയും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ മനോജ് കുമാറിന്റെ യോഗ്യതയായി പറയുന്ന ഐ സി ഡി എസ്ല്‍ ക്ലാസ് എടുത്തിട്ടുണ്ട് എന്നത് തെറ്റാണെന്ന് ഉള്ള വിവരാവകാശ രേഖകള്‍ പുറത്തു വരുന്നതായും എറണാകുളം ബാര്‍ കൗണ്‍സിലിന്റെ 8-12-2017ലെ ഉത്തരവില്‍ മുഖ്യമന്ത്രി പറഞ്ഞ ചുറുചുറുക്കുള്ള മനോജ്കുമാര്‍ എന്ന പരമയോഗ്യന്‍ എറണാകുളത്തെ ബാര്‍കൗണ്‍സിലില്‍ നിന്ന് അഡ്വക്കേറ്റ് എന്ന നിലയില്‍ ഒരു എത്തിക് സുമില്ലാത്തയാളും സീരിയസ് പ്രൊഫഷണല്‍ മിസ് കണ്ടക്റ്റിന് നടപടി നേരിടുന്നയാളുമാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.







Next Story

RELATED STORIES

Share it