Latest News

കൊല്ലത്ത് നടുറോഡില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം

കൊല്ലത്ത് നടുറോഡില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം
X

കൊല്ലം: അഞ്ചലില്‍ നടുറോഡില്‍ യുവാവിനെ ബ്ലേഡ് മാഫിയാ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഏരൂര്‍ സ്വദേശിയായ വിഷ്ണു (28) വിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമിസംഘം വിഷ്ണുവിന്റെ തലയിലും ശരീരത്തും കല്ലുകൊണ്ട് മര്‍ദ്ദിച്ചു. പരിക്കേറ്റ വിഷ്ണു ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ചല്‍ പനച്ചിവിളയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. ഏരൂര്‍ സ്വദേശി ചിത്തിര സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. സൈജുവിന്റെ പക്കല്‍ നിന്നും വിഷ്ണു പണം പലിശയ്ക്ക് വാങ്ങിയിരുന്നു.

എന്നാല്‍, തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വിഷ്ണുവുമായി ഇവര്‍ തര്‍ക്കമുണ്ടായി. ഞായറാഴ്ച വൈകുന്നേരം സൈജുവുമായി സംസാരിച്ചതിന് ശേഷം വീട്ടിലേക്ക് പോവാന്‍ ബൈക്കില്‍ കയറിയ വിഷ്ണുവിനെ സൈജുവും സുഹൃത്തുക്കളും തടഞ്ഞുവച്ചതിന് ശേഷം കല്ലുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ സ്ഥലത്തുനിന്നും മുങ്ങാന്‍ ശ്രമിച്ച സൈജുവിനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസിന് കൈമാറി. ഇയാള്‍ക്കെതിരേ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പോലിസ് അറിയിച്ചു. നിരവധി കേസുകളില്‍ പ്രതിയാണ് സൈജു. നേരത്തെ, ഇയാള്‍ക്കെതിരേ പോലിസ് കാപ്പ ചുമത്തിയിരുന്നു. ഇതുസംബന്ധിച്ച നിയമ നടപടി നടക്കുന്നതിനിടെയാണ് വീണ്ടും അക്രമമുണ്ടായത്.

Next Story

RELATED STORIES

Share it