Latest News

പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നുപിടിച്ചു; പ്രതിയെ മോചിപ്പിക്കാന്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് സി.പി.എം

പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചതോടെ സംഘമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ വളഞ്ഞു.

പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നുപിടിച്ചു; പ്രതിയെ മോചിപ്പിക്കാന്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് സി.പി.എം
X
കൊല്ലം: പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നുപിടിച്ചു. അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തടയുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.വനിതാ എസ് ഐയെ കടന്നുപിടിച്ചതിന് കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് സ്വദേശി ലുക്മാന്‍ ഹക്കീമിനെ (22) ആണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.


ഇന്നലെ രാത്രി എട്ടരയോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. മൈലം വെള്ളാരംകുന്നില്‍ ബി.ജെ.പി നേതാവായിരുന്ന മഠത്തില്‍ ശശിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. നാലു പേര്‍ക്ക് വെട്ടേറ്റിരുന്നു. തുടര്‍ന്ന് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കി. രാത്രി പട്രോളിംഗിനായി കൊട്ടാരക്കര സ്‌റ്റേഷനിലെ വനിതാ എസ്.ഐയും സംഘവും എത്തി. ജീപ്പില്‍ പള്ളിക്കലെത്തിയപ്പോള്‍ ബൈക്കുമായി ഒരു സംഘം ചെറുപ്പക്കാര്‍ റോഡരികിലെ കടയ്ക്ക് സമീപത്ത് നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവരോട് പിരിഞ്ഞുപോകാന്‍ എസ്.ഐ ആവശ്യപ്പെട്ടു. ഇതോടെ ലുക്മാന്‍ ഹക്കീം ഒഴികെയുള്ള മറ്റു മൂന്നുപേര്‍ പിരിഞ്ഞുപോയി. എന്നാല്‍ ഇയാള്‍ എസ്.ഐയോട് അപമര്യാദയായി പെരുമാറി. ഇതോടെ പൊലീസുകാര്‍ ലുക്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ബഹളത്തിനിടെ ലുക്മാന്‍ വനിതാ എസ്.ഐയുടെ കൈയില്‍ കയറിപ്പിടിച്ച് അക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് പോലീസ് പറയുന്നത്. എസ്. ഐ കുതറിമാറി. തുടര്‍ന്ന് മറ്റു പൊലീസുകാര്‍ ലുക്മാനെ ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.


എന്നാല്‍ ചിലര്‍ പൊലീസ് ജീപ്പ് തടഞ്ഞ് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചതോടെ സംഘമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ വളഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പോലീസ് ശക്തമായി ഇടപെട്ടതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. പരിക്കേറ്റ വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it