Latest News

പമ്പ് ഹൗസ് നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് പരിക്ക്: മൂന്ന് പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

കൊല്‍ക്കത്ത സ്വദേശി നിത്തായി (28) നാണ് പരിക്കേറ്റത്. ഒന്നര മണിക്കൂര്‍ നേരം കഴുത്തോളം മണ്ണില്‍ കിടന്ന നിത്തായിയെ മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലിസും ചേര്‍ന്ന് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഏറെ സാഹസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.

പമ്പ് ഹൗസ് നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് പരിക്ക്: മൂന്ന് പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
X

ഇരിട്ടി: ഇരിട്ടി, മട്ടന്നൂര്‍ നഗരസഭ കുടിവെള്ള പദ്ധതിക്കായി പഴശ്ശി പദ്ധതി പ്രദേശത്ത് നിര്‍മിക്കുന്ന ജല വകുപ്പിന്റെ പമ്പ് ഹൗസ് നിര്‍മാണ പ്രവൃത്തിക്കിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്‍ക്കത്ത സ്വദേശി നിത്തായി (28) നാണ് പരിക്കേറ്റത്. ഒന്നര മണിക്കൂര്‍ നേരം കഴുത്തോളം മണ്ണില്‍ കിടന്ന നിത്തായിയെ മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലിസും ചേര്‍ന്ന് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഏറെ സാഹസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. സരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാവിലെ എട്ടോടെയാണ് അപകടം. പമ്പ് ഹൗസില്‍ നിന്നും പൈപ്പ് ലൈന്‍ പോകുന്ന ഭാഗത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കുന്നതിനിടെയാണ് അപകടം. മതിലിന്റെ അടിത്തറ പൂര്‍ത്തിയാക്കി കെട്ടിപൊക്കുന്നതിനിടെ ഭിത്തിയോട് ചേര്‍ന്ന ഭാഗത്തെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

അപകടം നടക്കുമ്പോള്‍ 15ഓളം തൊളിലാളികള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. നിത്തായി ഉള്‍പ്പെടെ നാലുപേര്‍ അടിത്തറയുടെ ഭാഗത്തെ കുഴിയിലായിരുന്നു. ഭിത്തിയുടെ ഒരു ഭാഗം ആദ്യം കുറച്ച് ഇടിഞ്ഞപ്പോള്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. മുട്ടോളം മണ്ണില്‍ അകപ്പെട്ട നിത്തായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും കല്ലും മണ്ണും ഇടഞ്ഞു. കഴുത്തോളം മണ്ണില്‍ മുങ്ങിപോയ ഇയാളെ സഹപ്രവര്‍ത്തകര്‍ കൂടുതല്‍ അപകടം ഉണ്ടാകാത്തവിധം താങ്ങി നിര്‍ത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലിസും എത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

പമ്പ് ഹാസിലേക്ക് മണ്ണ് നിരത്തിയാണ് റോഡ് ഉണ്ടാക്കിയത്. പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ അടച്ചതിനാല്‍ ഇവിടേക്ക് വെള്ളം കയറി തുടങ്ങിയതോടെ മണ്ണ് കുതിര്‍ന്ന് ഇടിയുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് പേര്‍ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയതോടെ പോലിസ് വടം കെട്ടി അപകട മേഖലയിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു. ഇവിടെ വീണ്ടും മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു സുരക്ഷാ നടപടി ശക്തമാക്കിയത്.പുഴയുടെ മറുകരിയില്‍ പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിക്കായി തുരങ്കം നിര്‍മിക്കാന്‍ സ്‌ഫോടനം നടത്തി പാറകള്‍ പൊട്ടിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിന്റെ ആഘാതമാണ് മണ്ണിടിച്ചലിന് കാരണമായതെന്ന ആരോപണവുമായി ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തു വന്നു.


Next Story

RELATED STORIES

Share it