Latest News

ബലാല്‍സംഗക്കേസില്‍ ഇരക്കെതിരായ പരാമര്‍ശം: സുപ്രിം കോടതി ജഡ്ജി രാജിവക്കണമെന്ന് വനിതാ സംഘടനകള്‍

ബലാല്‍സംഗക്കേസ് റദ്ദാക്കണമെന്ന പരാതി പരിഗണിക്കുമ്പോള്‍,ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്നും പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധം ക്രൂരമായാല്‍ ബലാല്‍സംഗം ആകുമോ എന്നും ജസ്റ്റിസ് ബോംബ്‌ഡെ ചോദിച്ചിരുന്നു.

ബലാല്‍സംഗക്കേസില്‍ ഇരക്കെതിരായ പരാമര്‍ശം: സുപ്രിം കോടതി ജഡ്ജി രാജിവക്കണമെന്ന് വനിതാ സംഘടനകള്‍
X

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസിലെ ഇരയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ സുപ്രിം കോടതി ജഡ്ജി രാജിവക്കണമെന്ന് വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോംബ്‌ഡെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സിപിഐ നേതാവ് ആനി രാജ ഉള്‍പ്പടെയുള്ള വനിതാ അവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നത്.


ബലാല്‍സംഗക്കേസ് റദ്ദാക്കണമെന്ന പരാതി പരിഗണിക്കുമ്പോള്‍,ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്നും പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധം ക്രൂരമായാല്‍ ബലാല്‍സംഗം ആകുമോ എന്നും ജസ്റ്റിസ് ബോംബ്‌ഡെ ചോദിച്ചിരുന്നു. ഈ പരാമര്‍ശം ഏറെ വിവാദമായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം മറ്റ് കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും പൊലീസിനും അടക്കം നല്‍കുന്ന സന്ദേശം തെറ്റാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ കൂടുതല്‍ നിശബ്ദരാക്കാന്‍ മാത്രമേ ഉതകൂവെന്നും വനിതാ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹം ബലാല്‍സംഗത്തിനുള്ള ലൈസന്‍സാണ് എന്ന സന്ദേശമാണ് സുപ്രീം കോടതി ജഡ്ജി അക്രമിക്ക് നല്‍കുന്നത്.


വിവാഹ ജീവിതങ്ങളില്‍ സംഭവിക്കുന്ന ബലാല്‍സംഗങ്ങളെ ലഘുവായി കാണുന്നതും ഇരയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നതും സ്ത്രീത്വത്തിന് എതിരായ നിലപാടാണെന്നും വനിതാ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. വനിതാ അവകാശ പ്രവര്‍ത്തകരായ മറിയം ധവാലെ, കവിത കൃഷ്ണന്‍, കമല ഭാഷിന്‍, മീര സംഘമിത്ര അടക്കമുള്ളവരാണ് ചീഫ് ജസ്റ്റിസ് രാജി വക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട് ഈ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.




Next Story

RELATED STORIES

Share it